മുറെ, വാവ്‌റിങ്ക പ്രീ ക്വാര്‍ട്ടറില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡെസ്‌ക്കോ എന്നിവരും അവസാന പതിനാറിലെത്തി.
അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെ വീഴ്ത്തിയാണ് മുറെയുടെ മുന്നേറ്റം. ആദ്യ സെറ്റില്‍ ഡെല്‍ പോട്രോ വെല്ലുവിളിയുയര്‍ത്തിയെങ്കിലും മികച്ച പോരാട്ടത്തിലൂടെ മുറെ മത്സരം സ്വന്തമാക്കി. സ്‌കോര്‍: 7-6 (10-8), 7-5, 6-0.
ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്കയുടെ വിജയം. സ്‌കോര്‍: 7-6 (7-2), 6-0, 6-0.
സ്പാനിഷ് താരം ഫെലിഷിയാനോ ലോപസിനെ വീഴ്ത്തിയാണ് മരിന്‍ സിലിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് സെറ്റ് പോരാട്ടത്തില്‍ 6-1, 6-3, 6-3 എന്ന സ്‌കോറിന് അനായാസ വിജയമാണ് സിലിച്ച് സ്വന്തമാക്കിയത്. ഉറുഗ്വെ താരം പാബ്ലോ ക്യുവാസിനെ 6-2, 6-1, 6-3 എന്ന സ്‌കോറിനാണ് വെര്‍ഡെസ്‌കോ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനും പ്രീ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടീഷ് യുവ താരം കെയ്ല്‍ എഡ്മുണ്ടിനെ കടുത്ത പോരാട്ടത്തിലാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. സ്‌കോര്‍: 6-7 (6-8), 7-6 (7-4), 5-7, 6-1, 6-4.
വനിതാ സിംഗിള്‍സില്‍ റുമാനിയന്‍ താരം സിമോണെ ഹാലെപ്, സ്‌പെയിനിന്റെ സുവാരസ് നവരൊ, ഫ്രാന്‍സിന്റെ അലിസ് കോര്‍നെറ്റ് എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
റഷ്യയുടെ കസാത്കിനയെ വീഴ്ത്തിയാണ് ഹാലെപിന്റെ മുന്നേറ്റം. 6-0, 7-5 എന്ന സ്‌കോറിനാണ് ഹാലെപിന്റെ വിജയം. റഷ്യയുടെ എലേന വെസ്‌നിന, പോളണ്ടിന്റെ അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക എന്നിവരെ അട്ടിമറിച്ചാണ് നവരൊ, കോര്‍നെറ്റ് എന്നിവര്‍ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. നവരൊ 6-4, 6-4 എന്ന സ്‌കോറിനും കോര്‍നെറ്റ് 6-2, 6-1 എന്ന സ്‌കോറിനും അനായാസ വിജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."