ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എയുടെ മിന്നല്‍ സന്ദര്‍ശനം
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ മിന്നല്‍ സന്ദര്‍ശനം. ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച എം.എല്‍.എ ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്കുപ്രധാന കാരണം ഉത്തരവാദപ്പെട്ടവര്‍ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്തതാണെന്ന് എം.എല്‍.എ പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ട സൂപ്രണ്ട് അവധിയില്‍ പോകുമ്പോള്‍ പകരം മറ്റൊരാളെ ചുമതല ഏല്‍പ്പിക്കാതെ പോയത് ഇതിന്റെ ഉദാഹരണമാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
കാസര്‍കോട് നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. പ്രളയം ബാധിക്കാത്ത ജില്ലയിലെ ആശുപത്രിയില്‍ പ്രളയം വന്നതിനേക്കാളേറെ ദുരിതമാണ് നേരിട്ടുകാണാന്‍ കഴിഞ്ഞതെന്നും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷവും രോഗികളുടെ പ്രശ്‌നങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിടക്കകള്‍ പലതും കീറിപ്പറിഞ്ഞിരിക്കുകയാണ്. ചിലര്‍ക്കുതലയിണയും കിടക്കവിരിയും അടക്കം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അഞ്ചും ആറും മണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ അവസരം ലഭിക്കുന്നത്.
ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സാധാരണക്കാരായ രോഗികളാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്.
അഞ്ചുവയസിനു താഴെയുള്ള കുട്ടികളെ പരിശോധിക്കുന്നിടത്ത് പരിമിതികളാല്‍ ബുദ്ധിമുട്ടുകയാണെന്ന പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് താന്‍ എത്തിയതെന്നും എം.എല്‍.എ പറഞ്ഞു. അവിടെ രോഗികളും ജീവനക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ടു ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമസഭയില്‍ ഒട്ടനവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്.
ആശുപത്രിയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എച്ച്.എം.സി യോഗം ഉടന്‍ വിളിക്കും. തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡുകള്‍, കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന ഭാഗം, ടോയ്‌ലറ്റ് തുടങ്ങിയവ സന്ദര്‍ശിച്ച എം.എല്‍.എ രോഗികളോടും ജീവനക്കാരോടും പ്രശ്‌നങ്ങള്‍ നേരിട്ടുചോദിച്ചു മനസിലാക്കിയാണ് തിരികെ പോയത്.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉള്‍പ്പെടെ വിവിധ നേതാക്കളും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."