സി.എം അബ്ദുല്ല മൗലവി വധം: അന്വേഷണം വഴിതെറ്റിച്ച പൊലിസിനെതിരേയും പ്രതിഷേധം
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ടു കാസര്‍കോട്ട് നടന്നു വരുന്ന അനിശ്ചിതകാല സമരത്തില്‍ അന്വേഷണം വഴി തെറ്റിച്ച ലോക്കല്‍ പൊലിസിനെതിരേയും കടുത്ത പ്രതിഷേധം.
സംഭവം നടന്നു എട്ടുവര്‍ഷം പിന്നിട്ടിട്ടും തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാതെ കേസ് മറ്റൊരു വഴിയിലേക്കു തിരിച്ച ലോക്കല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ സംബന്ധിച്ചവരാണ് സി.ബി.ഐക്ക് പുറമെ കേസിന്റെ ആദ്യഘട്ടം മുതല്‍ അന്വേഷണം വഴി തിരിച്ചുവിട്ട ലോക്കല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധിച്ചത്.
സിസ്റ്റര്‍ അഭയ കേസ് വര്‍ഷങ്ങള്‍ക്കുശേഷം തെളിഞ്ഞതുപോലെ അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ടുള്ള പ്രതികള്‍ പിടികൂടപ്പെടുമെന്നും അബ്ദുല്ല മൗലവി ഒരിക്കലും അരുതാത്തത് ചെയ്യില്ലെന്നും സമരത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. സമരത്തിന്റെ നാലാം ദിവസമായ ഇന്നലെ രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു.സി.എ മുഹമ്മദ് ഷാഫി അധ്യക്ഷനായി.
നാരായണന്‍ പേരിയ മുഖ്യപ്രഭാഷണം നടത്തി. മജീദ് ചെമ്പരിക്ക, ഷാഫി മാപ്പിളക്കുണ്ട്, താജുദ്ദീന്‍ പടിഞ്ഞാര്‍, മുസ്തഫ ഇളമ്പാറ, നൗഷാദ് ബായിക്കര, മുഹമ്മദ് അമീന്‍ ഹുദവി, ഉബൈദുല്ല കടവത്ത്, അഹമ്മദ് ഷാഫി ദേളി, സഹീദ് ചേരൂര്‍, സി.എം അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് ഖാസിയാറകം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."