പഞ്ചായത്ത് ഓഫിസില്‍ ബന്ധുനിയമന ശ്രമം: വിവാദം പുകയുന്നു
ബന്തടുക്ക: പഞ്ചായത്ത് ഓഫിസില്‍ നടന്ന ബന്ധുനിയമനം നടത്താനുള്ള ശ്രമത്തില്‍ വിവാദം പുകയുന്നു. കുറ്റിക്കോല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫിസിലേക്കു താല്‍ക്കാലിക ജോലിക്ക് രണ്ടുതസ്തികകളിലേക്കു നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ഒരു അംഗവും പാര്‍ട്ടിയുടെ ഏരിയ നേതാവുമായ ആളുടെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടന്നുവെന്നാണ് ആക്ഷേപമുയര്‍ന്നത്.
നേതാവിന്റെ സഹോദരന്റെ മകനെ തൊഴിലുറപ്പ് ഓഫിസിലെ ഓവര്‍സിയര്‍ നിയമനത്തിലേക്ക് തിരുകിക്കയറ്റാന്‍ ശ്രമം നടത്തിയതെന്നാണു പരാതി. തൊഴിലുറപ്പ് ഓഫിസിലേക്കു നിലവില്‍ ആളെ എടുക്കണമെങ്കില്‍ രണ്ടരക്കോടിക്കു മുകളില്‍ ഫണ്ട് ചെലവഴിക്കാനുള്ള സാഹചര്യം വേണം. എന്നാല്‍ പഞ്ചായത്തില്‍ ഒരു കോടിയുടെ പദ്ധതി മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്ന അവസ്ഥയിലിരിക്കെയാണ് കേരളത്തെ ആകെ പിടിച്ചുകുലുക്കിയ പ്രളയമുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗണ്‍മെന്റ് ഓരോ വാര്‍ഡിലും 1,000 പണി കൂടുതല്‍ ചെയ്യാനുള്ള ഉത്തരവ് നല്‍കി.
ഇതുചെയ്യണമെങ്കില്‍ അധികമായി ജോലിക്കാരെ എടുക്കാമെന്ന് നേതാവ് ഭരണസമിതി യോഗത്തില്‍ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് ഓഫിസില്‍നിന്നു നിയമനത്തെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു.
ഇതേതുടര്‍ന്ന് പ്രസ്തുത തസ്തികയിലേക്കു നിയമനം നടത്തണമെന്ന് ഭരണസമിതി മീറ്റിങില്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി കാസര്‍കോട് പോയതിനാല്‍ വൈസ് പ്രസിഡന്റായിരുന്നു അന്നത്തെ ഭരണസമിതി മീറ്റിങില്‍ അധ്യക്ഷത വഹിച്ചത്.
പാര്‍ട്ടി നേതാവ് നിയമന ഉത്തരവ് നല്‍കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഭരണസമിതി ഏകകണ്ഠമായി രണ്ടരക്കോടി ചെലവ് എപ്പഴാണോ വരുന്നത് അന്നുപരിഗണിക്കാം എന്നുപറഞ്ഞ് തീരുമാനം മാറ്റിവെക്കുകയും ചെയ്തതായി പറയുന്നു.
പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതി മീറ്റിങില്‍ പ്രസിഡന്റിനെയും പാര്‍ട്ടി അംഗങ്ങളെയും അസിസ്റ്റന്റ് സെക്രട്ടറിയെയും സ്വാധീനിച്ചു നിയമനം നടത്താന്‍ തീരുമാനം കൈക്കൊണ്ടതായാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."