ക്രിക്കറ്റ് യുദ്ധം; ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഇന്ന്
ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങും. ബദ്ധ വൈരികളായ പാകിസ്താനാണ് മറു ഭാഗത്ത്.
പരിശീലകനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും കോച്ച് അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകളും കൊണ്ട് കലുഷിതമായി നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് അതിനെയെല്ലാം മായ്ക്കുന്ന ഔഷധമായി മാറിയേക്കും ഇന്നത്തെ പാകിസ്താനുമായുള്ള വിജയം. അതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനും എതിരായ രണ്ട് സന്നാഹ മത്സരങ്ങളിലും നേടിയ വിജയം ഇന്ത്യ സുസജ്ജമാണെന്ന പ്രതീതിയും ഉണര്‍ത്തിയിട്ടുണ്ട്.
അതിര്‍ത്തി പങ്കിടുന്നതും തീവ്രവാദ സംബന്ധവുമായ ഏറ്റുമുട്ടലുകള്‍ കടുത്ത രീതിയില്‍ നില്‍ക്കുന്ന വര്‍ത്തമാന സാഹചര്യത്തിലാണ് ഇരു ടീമുകളുടേയും മത്സരം നടക്കാന്‍ പോകുന്നത്. ഇന്ത്യ- പാക് പരമ്പര പുനരാരംഭിക്കാനുള്ള ബി.സി.സി.ഐ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലങ്ങിട്ടതും ഈയടുത്ത ദിവസമായിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുന്നത്. 2016ലെ ടി20 ലോകകപ്പിലാണ് അവസാനമായി നേര്‍ക്കുനേര്‍ വന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ഇരു ടീമുകളും ഐ.സി.സി ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത്. രണ്ടിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലുമാണ് മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മൈതാനത്ത് ഇന്ത്യ പാകിസ്താനെ വീഴ്ത്തുന്നത് പതിവ് കാഴ്ചയാണ്. 2009ല്‍ നടന്ന ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലാണ് അവസാനമായി പാകിസ്താന്‍ ഇന്ത്യക്ക് മേല്‍ വിജയം കണ്ടത്.
പരുക്കും ഐ.പി.എല്ലിലെ മോശം ഫോമും മാറ്റി വിരാട് കോഹ്‌ലി ബാറ്റിങ് കടിഞ്ഞാണേന്തുന്നതിന്റെ സൂചനകള്‍ സന്നാഹ മത്സരങ്ങളില്‍ കണ്ടു. പാകിസ്താനെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത ചരിത്രവും കോഹ്‌ലിക്കുണ്ട്. പത്ത് ഏകദിനങ്ങളില്‍ പാകിസ്താനെതിരേ രണ്ട് സെഞ്ച്വറികള്‍ നേടാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്. 41.44 റണ്‍സാണ് ശരാശരി. ഇന്ത്യയെ സംബന്ധിച്ച് അനൂകലമാണ് കാര്യങ്ങള്‍ എന്നു പറയാം. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ടീം നിലവാരം പുലര്‍ത്തുന്നുണ്ട്. നിലവില്‍ നാല് പേസര്‍മാരാണ് ഇന്ത്യക്കുള്ളത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. ഇതില്‍ മൂന്ന് പേര്‍ ടീമില്‍ സ്ഥാനം പിടിച്ചേക്കും.
ഉമേഷിനും ഷമിക്കും പാകിസ്താനെതിരേ കളിച്ചതിന്റെ പരിചയമുണ്ട്. അതേസമയം ഭുവനേശ്വറിനാകട്ടെ പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡുള്ളതിന്റെ പിന്‍ബലമുണ്ട്. ഡെത്ത് ഓവറുകളില്‍ ഫലപ്രദമായി ബൗള്‍ ചെയ്യുന്നതാണ് ബുമ്‌റയുടെ പ്ലസ് പോയിന്റ്. നിലവില്‍ താരം ഫോമിലുമാണ്. ബാറ്റിങില്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും ഫോമില്‍ നില്‍ക്കുന്നു. സന്നാഹ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക് ഫോമില്‍ കളിച്ചെങ്കിലും ഇന്ന് ആദ്യ ഇലവനില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടാകില്ല. പനിയെ തുടര്‍ന്ന് സന്നാഹ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന വെറ്ററന്‍ താരം യുവരാജ് സിങ് മടങ്ങിയെത്തിയതാണ് കാര്‍ത്തിക്കിന് തിരിച്ചടിയായത്. ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെയ്ക്കും ഇന്ന് ഇടം ലഭിച്ചേക്കില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യെക്ക് സ്ഥാനമുണ്ടാകും.
മറുഭാഗത്ത് പാകിസ്താന് സന്തുലിതമായ ടീമല്ല എന്നത് തിരിച്ചടിയാണ്. അസഹ്ര്‍ അലി, നായകന്‍ സര്‍ഫ്രാസ് അഹമദ്, അഹമദ് ഷെഹസാദ്, ഷൊയ്ബ് മാലിക് എന്നിവര്‍ ബാറ്റിങില്‍ കരുത്തായുണ്ട്. അതേസമയം പാകിസ്താന് സംബന്ധിച്ച് തലവേദനയായി നില്‍ക്കുന്നത് അവരുടെ ബൗളിങ് മേഖലയാണ്. മികച്ച സ്‌കോറുകള്‍ പാകിസ്താന്‍ പടുത്തുയര്‍ത്തിയാല്‍ അത് പ്രതിരോധിക്കുന്നതില്‍ പാക് ബൗളര്‍മാര്‍ നിരന്തരം പരാജയപ്പെടുന്നതാണ് സമീപ കാലത്ത് കണ്ടിട്ടുള്ളത്. മുഹമ്മദ് ആമിറാണ് ടീമിന്റെ കുന്തമുന. ഒപ്പം വഹാബ് റിയാസോ ജുനൈദ് ഖാനോ ഒരാള്‍ ടീമിലിടം കാണും. ഹസന്‍ അലിയാണ് മറ്റൊരു ബൗളര്‍.
ഇന്ത്യ സാധ്യതാ ടീം: വിരാട് കോഹ്‌ലി (നായകന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് (ജസ്പ്രിത് ബുമ്‌റ).
പാകിസ്താന്‍ സാധ്യതാ ടീം: സര്‍ഫ്രാസ് അഹമദ് (നായകന്‍), അസഹ്ര്‍ അലി, അഹമദ് ഷെഹസാദ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഇമദ് വാസിം, ഫഹീം അഷ്‌റഫ്, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് (ജുനൈദ് ഖാന്‍), ഹസന്‍ അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."