നോമ്പിലൂടെ സൃഷ്ടാവ് ലക്ഷ്യമാക്കുന്നതെന്ത്?
പതിനൊന്ന് മാസവും മൃഷ്ടാന്ന ഭോജനം നടത്തി വിശപ്പ് എന്താണെന്നോ,ദാഹമെന്താണെന്നോ അറിയാതെ സൃഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചു കൊണ്ട് കഴിയുമ്പോഴാണ് വിശുദ്ധ റമദാന്‍ സമാഗതമാകുന്നത്. അപ്പോള്‍ പരിശുദ്ധ ഖുര്‍ആനിലൂടെയുള്ള സൃഷ്ടാവിന്റെ കല്‍പന ഓരോസത്യ വിശ്വാസിയോടും ബന്ധിക്കുകയാണ്.'അല്ലയോ സത്യവിശ്വാസികളേ ! നിങ്ങളുടെ പൂര്‍വികരുടെ മേല്‍ വൃതം നിര്‍ബന്ധമാക്കപെട്ടത് പോലെ നിങ്ങളുടെ മേലും വൃതം നിര്‍ബന്ധമാക്കപെട്ടിരിക്കുന്നു.നിങ്ങള്‍ യഥാര്‍ഥസൂക്ഷ്മകാരികളായി തീരുവാന്‍ വേണ്ടി ' . ഈ കല്‍പന ശിരസാ വഹിച്ചു കൊണ്ട് സത്യ വിശ്വാസികള്‍ മുഴുവനും റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുവാന്‍ തയ്യാറാകുന്നു.
ഉന്മ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വര്‍ജിച്ച് കൊണ്ടും വര്‍ജനീയമായ എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് കൊണ്ടും മനുഷ്യന്റെ വികാര വിചാരങ്ങളെയും,ശരീരത്തിന്റെ ഇച്ഛകളെയും അമര്‍ച്ച ചെയ്ത് കൊണ്ടും ഓരോ സത്യ വിശ്വാസിയും റബ്ബിന്റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നു.ഈ ഇബാദത്ത് സാക്ഷാല്‍ സൃഷ്ടാവും അവന്റെ അടിമയായ സൃഷ്ടിയും തമ്മിലുള്ള ഒരു രഹസ്യ ആരാധനയാണ്.അത് കൊണ്ട് തന്നെ അതിന്റെ പ്രതിഫലവും അവര്‍ണനീയമാണ്.' നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നവനും ഞാനാണ്' എന്ന് സൃഷ്ടാവ് പറഞ്ഞിട്ടുണ്ട്.കാരണം നോമ്പ് എന്ന ആരാധനയില്‍ യാതൊരു വിധത്തിലുള്ള ലോകമാന്യതയും കടന്നുകൂടുന്നില്ല.ഹൃദയത്തില്‍ കപടതയുള്ളവര്‍ക്ക് ഒരിക്കലും നോമ്പനുഷ്ഠിക്കാന്‍ കഴിയില്ല.
ഈനോമ്പ് നിര്‍ബന്ധമാക്കുന്നതിലൂടെ റബ്ബ് (ത) ലക്ഷ്യമിടുന്നതെന്താണ് ? യഥാവിധി നോമ്പനുഷ്ഠിക്കുന്ന ഓരോ സത്യവിശ്വാസിയും വിശപ്പിന്റേയും,ദാഹത്തിന്റേയും രുചി അറിയുന്നു.ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കുടിക്കാന്‍ ശുദ്ധ ജലം പോലും ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സഹജീവികളായ മനുഷ്യ മക്കളുടെ ദയനീയാവസ്ഥ അറിയുകയും അവരോട് കരുണയും ദയാവായ്പും സഹാനുഭൂതിയും ഉണ്ടാവുകയും സാക്ഷാല്‍ സൃഷ്ടാവ് നമുക്ക് നല്‍കിയ വണ്ണമായ അനുഗ്രഹത്തില്‍ നിന്ന് പട്ടിണി പാവങ്ങളുടെ വിശപ്പകറ്റാന്‍ കൂടി വിനിയോഗിക്കുന്ന ഒരു അവസ്ഥയുണ്ടാവുകയും വേണം.
റബ്ബ് നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ നിലനില്‍ക്കുന്നതിന് വേണ്ടി സൃഷ്ടാവിനോട് നന്ദിയുള്ളവരാവുകയും അമിതവ്യയം കാണിക്കാതെ സഹജീവികളെ സഹായിക്കാന്‍ തയാറാവുകയും വേണം . ഇതാണ് പടച്ചവന്‍ ലക്ഷ്യമിടുന്നത്. ചരിത്ര പ്രസിദ്ധമായ ബദ്‌റും,വിധി നിര്‍ണായകമായ ലൈലത്തുല്‍ ഖദ്‌റും അടങ്ങിയ അതിവിശിഷ്ടമായ ദിനരാത്രങ്ങളാണ് നമ്മിലേക്ക് സമാഗതമായി കൊണ്ടിരിക്കുന്നത്.സുന്നത്തായ ഇബാദത്തുകള്‍ കൂടുതല്‍ കൂടുതല്‍ ചെയ്ത് പുണ്യങ്ങള്‍ വാരി കൂട്ടാന്‍ നാഥന്‍ തുണക്കട്ടെ .ആമീന്‍ !
( ലേഖകന്‍ സമസ്ത തിരുവനന്തപുരം ജില്ലാ ട്രഷററാണ് )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."