പഞ്ചനക്ഷത്ര ഹോട്ടലിലെ നേന്ത്രപ്പഴ വിലയെ പിന്നിലാക്കി കോഴിമുട്ട; രണ്ട് പുഴുങ്ങിയ മുട്ടക്ക് ഹോട്ടലുകാര്‍ ഈടാക്കിയത് 1700 രൂപ
മുംബൈ: ഛണ്ഡീഗഡില്‍ രണ്ട് നേന്ത്രപ്പഴത്തിന് 442 രൂപ ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകാരുടെ നടപടി ഇനി പഴങ്കഥ. രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ ഈടാക്കിയെന്ന് പറഞ്ഞ് മുംബൈ സ്വദേശിയായ യുവാവാണ് ഹോട്ടലുകാരുടെ പുതിയ പിടിച്ചുപറി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ അദ്ദേഹം ബില്ലിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് ഈ മുട്ടക്കാര്യം നടന്നിരിക്കുന്നത്.
ട്വീറ്റിനോടൊപ്പം രസകരമായ മറുപടിയും നിറഞ്ഞിട്ടുണ്ട്. സ്വര്ണമുട്ടയായിരിക്കും കഴിച്ചതെന്നും ഉന്നതകുലജാതരായ കോഴി ഇട്ട മുട്ടയായിരിക്കും കഴിച്ചതെന്നുമുള്പ്പെടെയുള്ള മറുപടി കുറിപ്പുകള്‍ ഇതിനോടൊപ്പമുണ്ട്. ഇവിടെ നിന്നും കഴിഞ്ഞ രണ്ട് ഓംലറ്റിനും ഇതേ തുക തന്നെയാണ് ഈടാക്കിയിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരേ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ബോളിവുഡ് സിനിമാതാരം ഛണ്ഡീഗഡിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ രണ്ട് നേന്ത്രപ്പഴത്തിന് 442 രൂപ ഈടാക്കിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഹോട്ടലുകാര്‍ക്ക് 25000 രൂപ പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."