ദുരിത ബാധിതരെ സഹായിക്കരുതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം
തമീം സലാം കാക്കാഴം
കൊച്ചി: പ്രകൃതിക്ഷോഭത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ദുരിതബാധിതര്‍ക്കുള്ള സഹായം തടയാന്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചാരണം. സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപമുയരുന്നത്.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വഴിയുമാണ് വ്യാജ പ്രചാരണങ്ങള്‍ ശക്തമായിരിക്കുന്നത്. കൂടുതലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നാണ് ആഹ്വാനം. കൂടാതെ ദുരന്തബാധിതരെ സഹായിക്കരുതെന്നും അവര്‍ക്കായി സ്വരൂപിക്കുന്ന സാധനങ്ങള്‍ അര്‍ഹരിലേക്ക് കൃത്യമായി എത്തില്ലെന്ന സന്ദേശവും പ്രചരിക്കുന്നുണ്ട്.
ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ദുരിതബാധിതരെ അടിയന്തരമായി സഹായിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച കലക്ഷന്‍ സെന്ററുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്താതിരിക്കാനും ഇത്തരം പ്രചാരണങ്ങള്‍ നിമിത്തമാവുന്നുണ്ട്. ഇത്തവണ താരതമ്യേന ദുരിതം ഒഴിഞ്ഞ് നിന്ന തെക്കന്‍ മേഖലകളില്‍ നിന്ന് ദുരന്ത പ്രദേശങ്ങളിലേക്ക് സഹായം എത്താതിരിക്കാനും വ്യാജപ്രചാരണങ്ങള്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിടണമെന്നും സഹായങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നാടിനെ ഒറ്റിക്കൊടുക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ദുരിതാശ്വാസ നിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പ്രചാരണത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് കുറിപ്പിലുള്ളത്. അപവാദ പ്രചാരണങ്ങളിലൂടെ സംഘ് പരിവാറിന്റെ മനസ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് എത്രയോ അന്യമാണെന്ന് തെളിയിക്കുന്നതാണെന്ന് ഐസക്ക് പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം മന്ത്രിമാരുടെ വിദേശ യാത്രയ്ക്കും വാഹനം വാങ്ങുന്നതിനും ഉപയോഗിക്കുകയാണെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല. പ്രളയത്തെ അതിജീവിക്കാന്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണം. പണം മാത്രമല്ല ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.
അതേ സമയം പ്രളയത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും ഉറവിടങ്ങളെ കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ ഡോം, സൈബര്‍ സെല്‍, പൊലിസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേകവിഭാഗമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."