കാഴ്ചയില്ലാത്തവരുടെ നീണ്ടവിരല്‍
ലോകത്താകെയുള്ള 39 ദശലക്ഷം അന്ധര്‍ സ്വതന്ത്രസഞ്ചാരത്തിന് ആശ്രയിക്കുന്ന ഏറ്റവും ലളിതമായ ഉപകരണമാണ് വൈറ്റ് കെയ്ന്‍ അഥവാ വെളുത്ത വടി. അന്ധരുടെ ഇടയില്‍ ദീര്‍ഘകാലം ഗവേഷണം നടത്തിയ എഴുത്തുകാരനായ ഫാദര്‍ കരോളിന്റെ അഭിപ്രായത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് 20 നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ട രണ്ട് നഷ്ടങ്ങള്‍ സ്വതന്ത്ര ആശയവിനിമയത്തിനും സ്വതന്ത്രസഞ്ചാരത്തിലുമുള്ള നഷ്ടങ്ങളാണ്. ഇവയെ കാഴ്ചാവൈകല്യം കൊണ്ടുണ്ടാകുന്ന പരിമിതികള്‍ അതിന്റെ തീവ്രതയിലെത്തിക്കുന്നു. ഈ നഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ പലശ്രമങ്ങളും നടന്നുവെങ്കിലും വൈറ്റ് കെയ്‌ന്റെ കണ്ടുപിടിത്തവും വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അന്ധരുടെ ആശയവിനിമയ മേഖലയിലും സ്വതന്ത്രസഞ്ചാരത്തിലും സുപ്രധാന പങ്കാണ് വഹിച്ചുവരുന്നത്.
രണ്ടാം ലോകയുദ്ധത്തില്‍ പരുക്കേറ്റ് അന്ധരായവരെ പുനരധിവസിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ പെന്‍സല്‍ വേനിയയിലെ റാലിപോര്‍ജ് ആശുപത്രിയിലെ ഡോക്ടറായിരുന്ന റിച്ചാര്‍ഡ് ഇ. ഹ്യൂമര്‍ ആണ് വൈറ്റ് കെയ്‌നിന് രൂപം നല്‍കിയത്. ഭാരമേറിയ മരവടികള്‍ക്കു പകരം ഭാരം കുറഞ്ഞ അലൂമിനിയം കെയ്‌നുകളാണ് കാഴ്ചയില്ലാത്തവര്‍ക്ക് സൗകര്യപ്രദം എന്ന് അദ്ദേഹം കണ്ടെത്തി. ചുരുങ്ങിയ വില, ലാളിത്യം, എളുപ്പത്തിലുള്ള ലഭ്യത തുടങ്ങിയ പ്രത്യേകതകള്‍ വെയ്റ്റ് കെയ്‌നിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.
ഉപയോഗിക്കുന്ന വ്യക്തിയുടെ നെഞ്ച് വരെ നീളമുള്ള കെയ്‌നാണ് വേണ്ടത്. നടക്കുമ്പോള്‍ വ്യക്തിയുടെ രണ്ട് സ്റ്റെപ്പ് മുന്നില്‍ കെയ്ന്‍ കൊണ്ട് സ്പര്‍ശിച്ച് പ്രതിബന്ധങ്ങള്‍ തിരിച്ചറിയണം. തള്ളവിരലും മറ്റ് മൂന്ന് വിരലുകളും കൊണ്ട് ചുറ്റിപ്പിടിച്ച് ചൂണ്ടുവിരല്‍ കെയ്‌നിനോട് ചേര്‍ത്തുപിടിച്ച് നടക്കുമ്പോള്‍ പ്രതലത്തിന്റെ വിശദാംശങ്ങള്‍ കെയ്‌നിലൂടെ കാഴ്ചയില്ലാത്ത വ്യക്തിയിലേക്ക് എത്തുന്നു. അതുകൊണ്ടാണ് വെള്ളവടിയെ കാഴ്ചയില്ലാത്തവരുടെ നീണ്ടവിരല്‍ എന്ന് വിശേഷിപ്പിക്കുന്നത്.
കെയ്ന്‍ ഉപയോഗിച്ചുള്ള സഞ്ചാരസമയത്ത് മനസില്‍ ചുറ്റുപാടുകള്‍ വിലയിരുത്തിക്കൊണ്ടേയിരിക്കണം. കാഴ്ചയില്ലാത്തവരുടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവിന് രണ്ടുവശങ്ങളുണ്ട്. ഒന്ന് മനസില്‍ ചുറ്റപാടുകളെക്കുറിച്ചുള്ള ധാരണ (Orientation). രണ്ടാമത്തേത്ത്, ശാരീരികചലനം (Mobility). ഈ രണ്ടു ഘട്ടങ്ങളും ഒരേ സമയം സമന്വയിപ്പിച്ചാല്‍ മാത്രമേ കാഴ്ചയില്ലാത്ത വ്യക്തിക്ക് സ്വതന്ത്രസഞ്ചാരം സാധ്യമാവുകയുള്ളൂ. അന്ധരുടെ അന്താരാഷ്ട്ര അംഗീകാരമുള്ള യാത്രാ സഹായിയായ വെള്ളവടിയെ സംബന്ധിച്ചും അതുപയോഗിച്ചാല്‍ പൊതുജനങ്ങളില്‍ നിന്ന് കിട്ടാവുന്ന സഹായങ്ങളെക്കുറിച്ചും കാഴ്ചയില്ലാത്തവരെ ബോധവല്‍കരിക്കേണ്ടതുണ്ട്. വെയ്റ്റ് കെയ്ന്‍ ഉപയോഗിച്ചുള്ള സ്വതന്ത്രസഞ്ചാരം കാഴ്ചയില്ലാത്തവര്‍ക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനുള്ള പ്രാപ്തി നല്‍കും. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ പ്രവര്‍ത്തകയായിരുന്ന ഡോ. ഇസബെല്ല ഗ്രാന്റ് എന്ന അന്ധവനിത കാഴ്ചയില്ലാത്ത ഏവര്‍ക്കും പ്രചോദനമാകേണ്ടതാണ്. ഈ അന്ധവനിത പലതവണ വെയ്റ്റ് കെയ്ന്‍ ഉപയോഗിച്ച് തനിയെ ലോകത്തിലെ പല രാജ്യങ്ങളും സന്ദര്‍ശിക്കുകയും അന്ധക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമുണ്ടായി.
വെള്ളവടി ഉപയോഗിച്ച് നടക്കുന്നതിന് കാഴ്ചയില്ലാത്തവര്‍ക്ക് പരിശീലനം ആവശ്യമാണ്. ട്രെയിനിങ് നേടിയ മൊബിലിറ്റി അധ്യാപകരില്‍ നിന്ന് ലഭിക്കുന്ന പരിശീലനം, വെള്ളവടിയുടെ ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നു.
അതുകൊണ്ടു തന്നെ കാഴ്ചയില്ലാത്തവര്‍ക്കായുള്ള വിദ്യാലയങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം കാഴ്ചയില്ലാത്ത കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലും മൊബിലിറ്റി ട്രെയിനിങ് (സഞ്ചാരപരിശീലനം) ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഫൂട്ട്പാത്തുകള്‍, റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഉയര്‍ന്ന ബോഡിയുള്ള വാഹനങ്ങള്‍ എന്നിവ വൈറ്റ് കെയ്ന്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്ന അന്ധര്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.
കാഴ്ചയില്ലാത്തവരുടെ സ്വതന്ത്രസഞ്ചാരത്തില്‍ സഹായക സാങ്കേതിക (Assistive Technology) വിദ്യയുടെ ഉപയോഗം ഇക്കാലത്ത് വളരെയധികം പ്രയോജനകരമാണ്. ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാവുന്ന വിവിധ ആപ്പുകള്‍ (Near by explorer, ID, Google Mapping, Tap Tap See) എന്നിവ ചുറ്റുപാടുമുള്ള സ്ഥാപനങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നു. ഇത് കാഴ്ചയില്ലാത്തവരുടെ സ്വതന്ത്രസഞ്ചാര തടസങ്ങളെ ഗണ്യമായി കുറിച്ചിട്ടുണ്ട്. എന്നിരുന്നാലും കാഴ്ചയില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വെള്ളവടി ഇന്നും സ്വതന്ത്രസഞ്ചാരത്തിനുള്ള ലളിതമായ ഉപകരണമായിത്തന്നെ നില കൊള്ളുന്നു.
കാഴ്ചയില്ലാത്തവരുടെ സ്വതന്ത്രസഞ്ചാരം സുഗമമാകണമെങ്കില്‍ വെള്ളവടിയെക്കുറിച്ചുള്ള ബോധവല്‍കരണം ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ബന്ധമായും നല്‍കണം. അമേരിക്കയില്‍ ഇതിനായി വൈറ്റ് കെയ്ന്‍ ലോ നിര്‍മ്മിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 1995 ല്‍ പാര്‍ലമെന്റ് പാസാക്കിയ വികലാംഗ സംരക്ഷണ നിയമത്തിലും 2016 ല്‍ പാസാക്കിയ ഞശഴവ േീേ ജലൃീെി െംശവേ ഉശമെയശഹശശേല െഅര േ ലും കാഴ്ചയില്ലാത്തവര്‍ക്കും മറ്റു വികലാംഗര്‍ക്കും സ്വതന്ത്രസഞ്ചാരത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന് നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും പലതും ഇതുവരെ നടപ്പാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."