വെള്ളക്കെട്ടില്‍ വൈദ്യുതലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് യുവാവ് മരിച്ചു
ദാരുണാന്ത്യം ബലിപെരുന്നാളിന് വീട്ടിലേക്കുള്ള യാത്രക്കിടെ
ചാവക്കാട് (തൃശൂര്‍): വെള്ളക്കെട്ടില്‍ വൈദ്യുതലൈന്‍ പൊട്ടി വീണ് ഷോക്കേറ്റ് പി.ജി വിദ്യാര്‍ഥിയായ യുവാവ് മരിച്ചു. പാലപ്പെട്ടി തെക്കൂട്ട് വീട്ടില്‍ ശംസുദ്ദീന്റെ മകന് ഷാരിഖാണ്(24) മരിച്ചത്. ബലിപെരുന്നാള്‍ പ്രമാണിച്ച് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് ദാരുണാന്ത്യം.
മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍ സുവോളജി രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിയാണ് ഷാരിഖ്. ചാവക്കാട് നഗരത്തില്‍ ഏനാമാവ് റോഡിലെ വെള്ളക്കെട്ടിലാണ് സംഭവം. റോഡിലെ കാനയില്‍ കിടന്ന ഷാരിഖിന്റെ മൃതദേഹം പുലര്‍ച്ചെ അഞ്ചോടെ അതുവഴി പോയ പാല് വിതരണക്കാരനാണ് കണ്ടത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സംഭവസ്ഥലത്തെത്തി ഷാരിഖിനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്കും ഷോക്കേറ്റു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി വൈദ്യുതി വിച്ഛേദിച്ചതിനു ശേഷമാണ് മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
ഏനാമാവ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ വാഹന ഗതാഗതം ഇന്നലെ നിരോധിച്ചിരുന്നു. മണിപ്പാലില്‍നിന്ന് കണ്ണൂര്‍ വരെ ട്രെയിനിലും അവിടെ നിന്ന് ഗുരുവായൂരിലേക്ക് ബസിലുമാണ് ഷാരിഖെത്തിയത്. ഗുരുവായൂരില്‍നിന്ന് ഓട്ടോ പിടിച്ചാണ് ചാവക്കാട്ടെത്തിയത്. ഷാരിഖിന്റെ മാതാപിതാക്കള്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോയിരിക്കുകയാണ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ചാവക്കാട്ട് സഹോദരന് ഡോ.ഷജുനാസ് താമസിക്കുന്നിടത്തേക്ക് ഏനാമാവ് റോഡിലൂടെ നടക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ജുവൈരിയയാണ് മാതാവ്. ഷാബിര്‍ (ഖത്തര്‍)മറ്റൊരു സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."