കോടിയേരിയുടെ ബാങ്ക്‌വിളിയും ബി.ജെ.പിയുടെ ശരണംവിളിയും
ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന മതാചാരം സുപ്രിംകോടതിയുടെ ഭൂരിപക്ഷവിധി പ്രകാരം റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുളള സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനത്തില്‍ നിലനിന്ന വിലക്കാണു കോടതിവിധിയോടെ ഇല്ലാതാവുന്നത്. സുപ്രിംകോടതിയുടെ വിധി നടപ്പിലായാല്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ മുടങ്ങുമെന്നും അയ്യപ്പ ചൈതന്യത്തിനു ലോപം സംഭവിക്കുമെന്നും അഭിപ്രായപ്പെട്ടും കോടതിവിധിയില്‍ നീരസം പ്രകടിപ്പിച്ചും ശബരിമലക്ഷേത്രം തന്ത്രിമാര്‍ കൂട്ടത്തോടെ രംഗത്തെത്തിക്കഴിഞ്ഞു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നു നിരവധി ഹൈന്ദവ സംഘടനകള്‍ ആവശ്യമുയര്‍ത്തുകയും ചെയ്തു.
സുപ്രിംകോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് എന്‍.എസ്.എസ്, നാഷനല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍, ചേതന കോണ്‍ഷ്യന്‍സ് ഓഫ് വിമണ്‍, പീപ്പിള്‍ ഫോര്‍ ധര്‍മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം ഉള്‍പ്പെടെയുളള സംഘടനകള്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുമുണ്ട്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ രീതിയില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുപക്ഷസര്‍ക്കാരിന്റെ നിലപാടിനെതിരായി വിശ്വാസികളുടെ പ്രക്ഷോഭവും തെരുവുകളില്‍ നടക്കുകയാണ്.
ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണു ശബരിമല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകള്‍ ഇവിടെ തീര്‍ഥാടകരായി എത്തുന്നുണ്ട്. ശബരിമലയില്‍ നിലകൊള്ളുന്ന മൂര്‍ത്തി നിത്യബ്രഹ്മചാരിയാണെന്നാണു വിശ്വാസം. മണ്ഡലകാലവ്രതം ശബരിമല തീര്‍ഥാടനത്തിനു മാത്രമുള്ള സവിശേഷതയാണ്. നാല്‍പ്പത്തൊന്നു ദിവസം ശാരീരികവും മാനസികവുമായ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നീ പഞ്ചശുദ്ധി പൂര്‍ണമായും പാലിക്കുന്നവര്‍ക്കു മാത്രമാണു മല ചവിട്ടാന്‍ അര്‍ഹത.
ആര്‍ത്തവമുള്‍പ്പെടെയുളള ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു ശരീരശുദ്ധി പൂര്‍ണമായും പാലിക്കാന്‍ കഴിയില്ല. ഈ കാരണത്താലാണു പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്.
സന്യാസിമാര്‍ക്കും വിവാഹിതരായ പുരുഷന്മാര്‍ക്കും പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. വിഷ്ണുക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വെളിച്ചപ്പാടിനെ കാണാറില്ല. മൂവാറ്റുപുഴ ശ്രീകുമാരദേവസ്വം ഭജനക്ഷേത്രത്തില്‍ കുപ്പായം ധരിച്ചു കയറുന്നതിനുള്ള വിലക്ക് ഈയിടെയാണു നീങ്ങിയത്. കോടതിയുടെ ഇടപെടല്‍ കൊണ്ടല്ല, വിശ്വാസികള്‍ സ്വമേധയാ പരിഷ്‌കാരം കൊണ്ടുവരികയായിരുന്നു. ഓരോ മതത്തിലെയും ആചാരവും അനുഷ്ഠാനവും എന്താണെന്നു തീരുമാനിക്കേണ്ടതു കോടതിയോ സര്‍ക്കാരോ അല്ല, വിശ്വാസികളാണ്.
പോരായ്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വവും വിശ്വാസികളുടേതാണ്. സ്വന്തംവീട്ടിലെ പൂജാമുറിയില്‍പ്പോലും ആര്‍ത്തവകാലത്തു ഹൈന്ദവ സ്ത്രീകള്‍ പ്രവേശിക്കാറില്ല, നിലവിളക്കുപോലും കത്തിക്കാറുമില്ല. എന്നാലിപ്പോള്‍ ആര്‍ത്തവ സമയത്തുപോലും ഏതു ക്ഷേത്രത്തിലും സ്ത്രീക്കു പ്രവേശിക്കാമെന്ന അനുമതികൂടിയാണു സുപ്രിംകോടതിവിധിയില്‍ അടങ്ങിയിട്ടുളളത്.
ഈ വിധിയുടെ ചുവടുപിടിച്ചു ഭാവിയില്‍ മുസ്‌ലിം പള്ളികളില്‍ പുരുഷന്മാര്‍ക്കൊപ്പം ഇടകലര്‍ന്നു പ്രാര്‍ഥിക്കാനും നമസ്‌കാരം, ഖുത്വുബ തുടങ്ങിയ ആരാധനാ കര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കാനും അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം നാമധാരിയായ ഏതു സ്ത്രീക്കും കോടതിയെ സമീപിക്കാന്‍ കഴിയും. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനക്കും കുമ്പസാരത്തിനും വൈദികര്‍ക്കെന്നപോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്നു പേരുകൊണ്ടു ക്രിസ്ത്യാനിയായ ഏതു സ്ത്രീക്കും അവകാശമുന്നയിക്കാനാകും.
അത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനു പകരം, അവ ഒഴിവാക്കാന്‍ നിലവിലുള്ള ശബരിമല വിധി പരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിനെ നിയോഗിക്കണമെന്നാണു ജസ്റ്റിസ് മര്‍ക്കണ്ഡേയ കഠ്ജു നിര്‍ദേശിച്ചിട്ടുളളത്. അതു യുക്തിസഹമായ നിര്‍ദേശമാണ്. ഹൈന്ദവ സ്ത്രീകളടക്കം ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളുടെ മനസു മുറിവേല്‍പ്പിക്കും വിധം കോടതിവിധിക്കു കാരണമായതു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലമാണു പിണറായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തില്‍ കൈ പൊള്ളിയപ്പോള്‍ രക്ഷനേടാന്‍ കോടിയേരി മുസ്‌ലിം സ്ത്രീകള്‍ക്കു സുന്നി പള്ളിയില്‍ പ്രവേശനത്തിനായി ബാങ്കുവിളി നടത്തിയിരിക്കുകയാണ്. മതനിഷ്ഠ പ്രകാരം ജീവിക്കുന്നവര്‍ക്കു മുന്നില്‍ പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചവരാണു വിശ്വാസികള്‍ക്കായി ഇപ്പോള്‍ കണ്ഠക്ഷോഭം നടത്തുന്നത്. സ്ത്രീ മുന്നേറ്റത്തില്‍ ഊറ്റം കൊള്ളുന്നവരാണു മാര്‍ക്‌സിസ്റ്റുകളെന്നു വീമ്പു പറയുന്ന കോടിയേരിയുടെയും ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരാക്കാന്‍ ശ്രമിക്കുമെന്നു തമിഴ്‌നാട്ടില്‍ പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെയും പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ ഇന്നോളം ഒരു മഹിളാരത്‌നവും അലങ്കരിച്ചിട്ടില്ല.
ബ്രാഞ്ച്തലം മുതല്‍ കേന്ദ്രതലംവരെയുളള കമ്മിറ്റികളില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പ്രവേശനം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണം നടത്തുന്നതു നല്ലതാണ്. സ്ഥാനമാനങ്ങള്‍ കൈയ്യാളുന്ന വനിതകളെ കണ്ടെത്താന്‍ ഭൂതക്കണ്ണാടി കരുതേണ്ടിവരും. സി.പി.എമ്മിന്റെ പരമോന്നത സ്ഥാനമായ സെക്രട്ടറി പദവികളില്‍ താഴെത്തട്ടുമുതല്‍ പുരുഷകേസരിമാര്‍ കൈയടക്കിയിരിക്കുകയാണ്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പാര്‍ട്ടി പദവികള്‍ നല്‍കുന്നതില്‍ വിമുഖത കാണിക്കുകയും വനിതകള്‍ക്കായി മഹിളാ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തവരാണിപ്പോള്‍ ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനത്തിനായി മുതലക്കണ്ണീരൊഴുക്കുന്നത്.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലകുറി വനിതകള്‍ക്കു മുഖ്യമന്ത്രിയാവാന്‍ അവസരം നല്‍കിയിട്ടും സ്ത്രീശാക്തീകരണത്തിന്റെ അട്ടിപ്പേറേറ്റെടുക്കുന്ന സി.പി.എം നാളിതുവരെ ഒരു വനിതാ മുഖ്യമന്ത്രിയെ സംഭാവന ചെയ്തിട്ടില്ല. 'കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും' എന്നൊരു മുദ്രാവാക്യം ഒരു കാലത്ത് സി.പി.എം പ്രവര്‍ത്തകര്‍ തെരുവുകളില്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍, സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിക്കായി ഈണത്തില്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും തങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയപ്പോള്‍ ആ മുദ്രാവാക്യം തന്ത്രപൂര്‍വം വിഴുങ്ങി. അതു ചെയ്തവരാണിപ്പോള്‍ സ്ത്രീ സംരക്ഷകവേഷം കെട്ടിയാടുന്നത്.
സുപ്രിംകോടതിയുടെ പല വിധികളും മറികടക്കാന്‍ രണ്ടു വര്‍ഷമായി മെല്ലെപ്പോക്കു സമീപനം കൈക്കൊണ്ടവര്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിധി നടപ്പാക്കാന്‍മാത്രം ധൃതികാട്ടുകയാണ്. ശബരിമലയില്‍ വനിതാ പൊലിസുകാരെ നിയോഗിക്കുന്നതും ക്ഷേത്രത്തില്‍ ദര്‍ശന ദിവസങ്ങളുടെ എണ്ണം കൂട്ടുന്നതടക്കമുളള കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ പിണറായിയും കൂട്ടരും വിശ്രമരഹിത പരിശ്രമത്തിലാണ്.
ദേശീയപാതയുടെ 500 മീറ്റര്‍ ചുറ്റളവിലുളള എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞവരാണു പിണറായി സര്‍ക്കാര്‍. കണ്ണൂരിലെയും പാലക്കാട്ടെയും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രിംകോടതി ഉത്തരവു മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തു. ഓര്‍ഡിനന്‍സിനു സ്റ്റേ വന്നപ്പോള്‍ പ്രത്യേകം നിയമസഭാ സമ്മേളനം വിളിച്ചു. ഇന്നലെകളില്‍ സ്വാശ്രയ കോളജിനെരേ മുഷ്ടി ചുരുട്ടിയിരുന്ന സി.പി.എം യുവതുര്‍ക്കി എം.എല്‍.എമാരെക്കൊണ്ടുപോലും സ്വാശ്രയ മുതലാളിമാര്‍ക്കായി ഹല്ലേലൂയ പാടിച്ചു.
ബാറുടമകളോടും കോളജു മുതലാളിമാരോടും കാട്ടിയ ഉദാരതയുടെ നൂറിലൊരംശംപോലും വിശ്വാസികളുടെ കാര്യത്തില്‍ ഇല്ലെന്നു സര്‍ക്കാര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. വിശ്വാസികളുടെ വികാരം കോടതിയില്‍ പങ്കിട്ട ദേവസ്വം ബോര്‍ഡിനെയും അതിന്റെ പ്രസിഡന്റിനെയും കണ്ണുരുട്ടി പേടിപ്പിച്ചതും ഏത്തമിടീച്ചതും ഈ നയത്തിന്റെ ഭാഗമാണ്. മദ്യം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കോടതിവിധി ലംഘിക്കാന്‍ ഈ സര്‍ക്കാരിനു മടിയില്ല. എന്നാല്‍, വിശ്വാസികളുടെ കാര്യം വരുമ്പോള്‍ കോടതിവിധി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നാണു നിലപാട്. ഈ മലക്കം മറിയല്‍ പ്രബുദ്ധരായ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം മാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്. അതേ നിലപാടിലാണ് ഇന്നും യു.ഡി.എഫ്. കോടതിവിധി ഉടന്‍ തന്നെ സ്വാഗതം ചെയ്യുകയും പിന്നീട് മുഖപത്രമായ ജന്മഭൂമിയില്‍ വിധിക്കനുകൂലമായ മുഖപ്രസംഗമെഴുതുകയും ചെയ്തവരാണു ബി.ജെ.പി. അവരാണ് ഇപ്പോള്‍ അയ്യപ്പന്റെ പേരില്‍ തെരുവില്‍ ശരണംവിളി നടത്തുന്നത്.
ശാബാനു ബീഗം കേസില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിധി ഇസ്‌ലാമിക ശരിഅത്തിനു വിരുദ്ധമായിരുന്നു. മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റംഗം ജി.എം. ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്ലിന് അംഗീകാരം നല്‍കി നിയമ നിര്‍മാണം നടത്തിക്കൊണ്ടാണ് അന്നു രാജീവ്ഗാന്ധി സര്‍ക്കാര്‍ ശരിഅത്ത് വിരുദ്ധ വിധിയെ മറികടന്നത്. വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു നിയമ നിര്‍മ്മാണം നടത്തിപ്പിക്കുന്നതിനോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനോ ശ്രമിക്കാത്ത ബി.ജെ.പിയുടെ ഇരട്ടത്താപ്പും ഹിന്ദുമത വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്.
(യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."