കെ.പി.സി.സി വഞ്ചി ഉലഞ്ഞുതന്നെ
കൊല്ലം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബൂത്ത് പുനഃസംഘടനയുമായി മുന്നോട്ടുപോകുന്നതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് അമര്‍ഷം. കെ.പി.സി.സി ആസ്ഥാനത്തുനിന്നു മുന്‍ ഭാരവാഹികളെ പുറത്താക്കി മുറികള്‍ ഒഴിപ്പിച്ചതിനു പിറകെയാണു പുതിയ നീക്കവുമായി മുല്ലപ്പള്ളി മുന്നോട്ടുപോകുന്നത്.
വി.എം സുധീരന്‍ പ്രസിഡന്റായിരിക്കെ ഇത്തരത്തില്‍ എല്ലാ ബൂത്തുകളിലും പുനഃസംഘടന നടത്തിയിരുന്നെങ്കിലും അത് ഗ്രൂപ്പുനേതാക്കള്‍ അട്ടിമറിച്ചിരുന്നു. തുടര്‍ന്നു താല്‍ക്കാലിക പ്രസിഡന്റായ എം.എം ഹസന്‍ പാര്‍ലമെന്റ് മണ്ഡലാടിസ്ഥാനത്തില്‍ ഇരുപതിടത്ത് കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പുനഃസംഘടന പലയിടത്തും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനുശേഷമാണ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് അധികം പിന്നിടും മുന്‍പു തന്നെ മുല്ലപ്പള്ളിയും ബൂത്തുകളെ ലക്ഷ്യംവയ്ക്കുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശാക്തികചേരിയില്‍ ബലാബലം നിര്‍ണയിക്കുന്നത് ബൂത്തുകമ്മിറ്റികള്‍ തൊട്ടായതിനാല്‍ ഐ-ഐ ഗ്രൂപ്പുകള്‍ കരുതലോടെയാണു മുന്നോട്ടുപോകുന്നത്.
എന്നാല്‍ ബ്ലോക്കുതലങ്ങളില്‍ വരെ മിക്കയിടത്തും പുനഃസംഘടന നടന്നിട്ടുള്ളതിനാല്‍ ഡി.സി.സി-കെ.പി.സി.സി ഭാരവാഹികളെ നിയമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രസിഡന്റായി മുല്ലപ്പള്ളിയും വര്‍ക്കിങ് പ്രസിഡന്റുമാരായി കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം.ഐ ഷാനവാസും എത്തിയതോടെയാണു നേരത്തെയുണ്ടായിരുന്ന കെ.പി.സി.സി ഭാരവാഹികളെല്ലാം പുറത്തായത്.
ഇവരുടെ നെയിംബോര്‍ഡുകള്‍ എടുത്തുമാറ്റുകയും മുറി ഒഴിപ്പിക്കുകയും ചെയ്തത് എ-ഐ ഗ്രൂപ്പുനേതൃത്വങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിയമിക്കാതെ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ വച്ച് പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിലെ അപകടം മനസിലാക്കിയ ഗ്രൂപ്പുനേതാക്കള്‍ മുല്ലപ്പള്ളിക്കെതിരേ പെട്ടെന്നൊരു നീക്കം നടത്താനാകാത്ത അവസ്ഥയിലാണ്.
അതിനിടെ, മുല്ലപ്പള്ളിയുടെ കേരള രാഷ്ട്രീയത്തിലെ പരിചയക്കുറവും പല കാര്യങ്ങളിലും മുഴച്ചുനില്‍ക്കുന്നതായി വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. 1984 മുതല്‍ ഒരുതവണയൊഴിച്ച് ലോക്‌സഭാംഗമാണ് മുല്ലപ്പള്ളി. കഴിഞ്ഞ ദിവസം കൊല്ലത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ തനിക്കെതിരേ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തെ കൊടിക്കുന്നില്‍ സുരേഷ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."