കോളജ് അധ്യാപികയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഈരാററുപേട്ട: കോളജില്‍ നടന്ന പരിപാടിയില്‍ ആലപിച്ച പാട്ടിലൂടെ അധ്യാപിക സമൂഹമാധ്യമങ്ങളില്‍ താരമായി. രാമപുരം മാര്‍ ആഗസ്തിനോസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലല്ലൂ അല്‍ഫോന്‍സിന്റെ ആലാപനമാണ് ശ്രദ്ദേയമായത്. കോളജിലെ നവാഗതര്‍ക്കു നല്‍കിയ സ്വീകരണ പരിപാടിയില്‍ ലല്ലു പാടിയ കൂടെവിടെ എന്ന ചിത്രത്തിലെ ' ആടി വാ കാറ്റേ' എന്ന ഗാനം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പൂര്‍ണ നിശ്ശബ്ദതയോടെയാണ് കേട്ട് ആസ്വദിച്ചിരുന്നുപോയത്. അത് ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്വദേശി ആറ്റുകടവില്‍ അനൂപിന്റെ ഭാര്യയാണ് ഈരാററുപേട്ടചെമ്മലമറ്റം വരിക്കാനിക്കല്‍ വീട്ടില്‍ ലല്ലൂ അല്‍ഫോന്‍സ് .
ഈ ദമ്പതികള്‍ ഒന്ന് ചേര്‍ന്ന് പാടിയ മറ്റൊരു ഗാനം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തങ്ങളുടെ വിവാഹ സല്‍ക്കാര വേളയില്‍ അനൂപും ലാലുവും ഒരുമിച്ചു പാടിയ ഗാനം അന്ന് പ്രമുഖ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങള്‍ ആ ഗാനം ആസ്വദിച്ചു.പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ ' പൂങ്കാറ്റിനോടും കിളികളോടും കവിതകള്‍ ചൊല്ലി . എന്ന ഗാനമായിരുന്നു അന്ന് അവര്‍ പാടിയത്. വിവാഹ വിരുന്നിനെത്തിയവര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനുമുണ്ടായിരുന്നു ആ ഗാനം ആസ്വദിക്കുവാന്‍. അവരുടെ ഗാനത്തില്‍ മതിമറന്ന ഭദ്രന്‍, രണ്ടുപേര്‍ക്കും തന്റെ അടുത്ത സിനിമയില്‍ പാട്ടു പാടുവാനുള്ള ഓഫറും നല്‍കിയിരുന്നു.
വിവാഹത്തിന്റെ ആലോചനകള്‍ തുടങ്ങിയപ്പോഴെ ഇരുവരും ഒറ്റ ഡിമാന്‍ഡെ വച്ചുള്ളു. പങ്കാളിയ്ക്ക് അല്‍പസ്വല്‍പം സംഗീതവാസനയൊക്കെ വേണം. ആ അന്വേഷണത്തിനൊടുവില്‍ കുടുബങ്ങള്‍ തമ്മില്‍ പരിചയമുള്ള ഇരുവരുടെയും വീട്ടുകാര്‍ ഇവരെ ഒന്നിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."