പ്രളയം: മഹാരാഷ്ട്രയിലും ഗുജറാത്തിലും 49 മരണം
സാംഗ്ലി: കാലവര്‍ഷക്കെടുതിയില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും 49 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 30 പേരാണ് മരിച്ചതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.
സാംഗ്ലി, കോലാപൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മണ്‍സൂണില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മഴയാണ് ഇത്തവണ സാംഗ്ലിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2005ലാണ് ഇതിന് മുന്‍പ് അതിതീവ്രമഴയുണ്ടായത്.
എന്നാല്‍ ഇത്തവണ ഇതിനേക്കാള്‍ ഇരട്ടി മഴയാണ് ഇവിടെയുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുംബൈ നഗരത്തിന്റെ പകുതിയോളം ഭാഗങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.
2005ല്‍ സാംഗ്ലിയില്‍ 31 ദിവസങ്ങളില്‍ 207 ശതമാനമാണ് മഴ ലഭിച്ചത്. ഈ വര്‍ഷം ഒന്‍പത് ദിവസങ്ങളില്‍ മാത്രം 758 ശതമാനം മഴയാണ് ലഭിച്ചത്.
കോലാപൂരില്‍ 2005ല്‍ 31 ദിവസങ്ങളില്‍ പെയ്തത് 159 ശതമാനം മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഒന്‍പത് ദിവസങ്ങള്‍കൊണ്ട് ലഭിച്ചത് 180 ശതമാനം മഴയാണ്.
കനത്ത മഴകാരണം കൃഷ്ണ, കൊയ്‌ന, പഞ്ചഗംഗാ നദികള്‍ അപകട നിലക്കും മുകളിലായിട്ടാണ് ഒഴുകുന്നത്. സാംഗ്ലി ജില്ലയില്‍ 3,78,000 ജനങ്ങളെയാണ് കാലവര്‍ഷം സാരമായി ബാധിച്ചത്.
307 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 153 കോടി രൂപയാണ് അടിയന്തരമായി അനുവദിച്ചത്.
ദുരിത ബാധിതര്‍ക്ക് 10,000 രൂപ മുതല്‍ 15,000 രൂപവരെ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഫട്‌നവിസ് അറിയിച്ചു. വെള്ളത്തിനടിയിലായ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു ലക്ഷം രൂപവീതവും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."