ചേരിപ്പോര് നിര്‍ത്താന്‍ 'കസേര' നല്‍കി ബി.ജെ.പി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിനു തടയിടാന്‍ പുതിയ നീക്കവുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഗ്രൂപ്പ് തലവന്‍മാര്‍ക്കു ദേശീയതലത്തില്‍ സുപ്രധാന ചുമതലയും സ്ഥാനവും നല്‍കിയിരിക്കുന്നത്.
വി. മുരളീധരനെ രാജ്യസഭാ എം.പിയാക്കുകയും ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കുകയും ചെയ്തതിനു പിന്നാലെ മറ്റൊരു ഗ്രൂപ്പിന്റെ നേതാവായ പി.കെ കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനായി നിയമിക്കുകയും പാര്‍ട്ടിയില്‍ തെലങ്കാനയുടെ ചുമതല നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ബി.ജെ.പിയിലുള്ള രണ്ടു ഗ്രൂപ്പുകളുടെ നേതാക്കളായ ഇരുവരുടെയും പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കാക്കി അതിലൂടെ കേരളത്തില്‍ പുതിയ നേതൃത്വത്തെയും പ്രവര്‍ത്തനശൈലിയും വളര്‍ത്തിയെടുക്കാമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
പാര്‍ട്ടി നേതാക്കളെ ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനും ഗ്രൂപ്പിസം അവസാനിപ്പിച്ചു മുന്നോട്ടുപോകണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിക്കുന്നതിനും അടുത്തയാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം ഇക്കാര്യങ്ങളില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് കരുതുന്നത്. ഈ മാസം 25നും 30നുമിടയിലുള്ള തിയതിയിലായിരിക്കും അമിത് ഷാ കേരളത്തിലെത്തുക.
ശിവഗിരിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ക്ഷണം സ്വീകരിച്ചാണ് എത്തുന്നതെങ്കിലും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമേ അദ്ദേഹം മടങ്ങൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."