ആവാസ് ഭവന പദ്ധതിയില്‍ അര്‍ഹര്‍ പുറത്ത്
കാളികാവ്: പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവന പദ്ധതിയില്‍ നിന്ന് അര്‍ഹര്‍ പുറത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ തഴയപ്പെട്ടവരെ പരിഗണിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പുതിയ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ പലര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലായിരുന്നു പലര്‍ക്കും പ്രതീക്ഷ. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം അര്‍ഹരായ പല ഗുണഭോക്താക്കള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ചാണ് പ്രധാന മന്ത്രി ആവാസ് ഭവന പദ്ധതി നടപ്പിലാക്കുന്നത്. 1,20,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാന മന്ത്രി ആവാസ് ഭവന പദ്ധതിക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രവിഹിതമായി 72,000 രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപയാക്കിയാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിന് പുറമെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്നാണ് തുക തികക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ വികസന ഓഫിസര്‍മാര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ളത്.
ഓരോ പഞ്ചായത്തിലും നിരവധി പേര്‍ ലൈഫ് ഭവന പദ്ധതി പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ഇതിനോടകം ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അര്‍ഹരല്ലാത്തതിനാല്‍ തഴയപ്പെട്ടവര്‍ക്കാണ് പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിക്കുന്നത്. അര്‍ഹരെന്നോ അനര്‍ഹരെന്നോ നോക്കാതെ ലൈഫ് ഭവന പദ്ധതി പട്ടികയില്‍ അവശേഷിക്കുന്നവരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ പ്രധാന മന്ത്രി ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ലൈഫ് ഭവന പദ്ധതിയില്‍ രാഷ്ട്രീയ താല്‍പര്യമനുസരിച്ച് ഉള്‍പ്പെടുത്തിയവര്‍ക്ക് പോലും വീട് ലഭിക്കുമെന്ന അവസ്ഥയാണുള്ളത്. അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതിയില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പുതിയ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിലും നിര്‍ദേശമില്ലാത്തതിനാല്‍ പ്രധാന മന്ത്രി ഭവന പദ്ധതി പട്ടികയില്‍ പരിഗണിച്ചിട്ടില്ല. നവംബര്‍ 30 വരെ പട്ടിക പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമെ പുതിയ അപേക്ഷകര്‍ക്ക് പട്ടികയില്‍ ഇടം ലഭിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."