തീര്‍ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ സഊദി കിരീടവകാശി വിലയിരുത്തി
ജിദ്ദ: മക്കയിലെയും മദീനയിലെയും തീര്‍ഥാടകരുടെ സുരക്ഷാ സംവിധാനങ്ങള്‍ സഊദി കിരീടവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് സഊദി നല്‍കുന്നതെന്ന് അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. ഹജ്ജ്-ഉംറ കര്‍മങ്ങള്‍ സുഗമവും സമാധാനത്തോടും നിര്‍വഹിക്കാനാവശ്യമായ എല്ലാ സേവനങ്ങളും നല്കാന് ഭരണകൂടം അതീവ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് കീരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. ഉംറ സീസണിലെ അവസാന നാളുകളിലെ സുരക്ഷ പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക, മദീന വിശുദ്ധ പട്ടണങ്ങള്‍ക്ക് രാജ്യം വലിയ പരിഗണനയും പ്രാധാന്യവുമാണ് നല്കി വരുന്നത്. സഊദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് ഇതു തുടങ്ങിയിട്ടുണ്ട്. ഇതിലൊട്ടും വീഴ്ച വരുത്തിയിട്ടില്ല. മക്കയിലും മദീനയിലും നടപ്പാക്കുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് അടിയന്തര ഘട്ടം നേരിടുന്നതിനും സുരക്ഷ വകുപ്പുകള്‍ സന്നദ്ധമാണെന്നും അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. ഉംറ സേവനങ്ങള്‍ മികച്ചതാക്കാന്‍ ഇനിയും ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊതു സുരക്ഷ മേധാവി ജനറല്‍ ഉസ്മാന് ബിന്‍ നാസിര്‍ അല്മുഹ്റിജ് റമദാന് സുരക്ഷ പദ്ധതികള്‍ വിശദീകരിച്ചു. ഉംറ സേനക്ക് കീഴിലെ റമദാന് സുരക്ഷ പദ്ധതി വീഡിയോ ക്ലിപ്പ് ആഭ്യന്തര മന്ത്രി കണ്ടു. ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ്, ഹജ്ജ് - ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദന്‍, ഹജ്ജ് - ഉംറ സുരക്ഷ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."