മസ്അയില്‍ നിസ്കാരത്തിന് വിലക്ക്: പൂര്‍ണമായി ഉംറക്ക് ഉപയോഗിക്കാന്‍ നിര്‍ദേശം
മക്ക: വിശുദ്ധ റമദാനില്‍ ലോകത്തിന്റെ വിവിധദിക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ സൗകര്യം മാനിച്ച് ഹറമില്‍ മസ്അയുടെ (സഹ്യ് ചെയ്യുന്ന ഭാഗം) ഭാഗത്ത് നിസ്കാരത്തിന് വിലക്ക്. നിസ്കാരം തടയുന്നതിന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് കര്‍ശന നിര്‍ദേശം നല്കി. ഹറമില്‍ മുഴുവന്‍ നിലകളിലെയും മസ്അയില്‍ റമദാനില്‍ നമസ്കാരം വിലക്കുന്നതിനാണ് സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്മാന് കൂടിയായ ഗവര്‍ണറുടെ ഉത്തരവ്. വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറപ്പെടുവിച്ച ഗവര്‍ണറുടെ നടപടിയെ ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ്, ഉപമേധാവി ശൈഖ് ഡോ. മുഹമ്മദ് നാസര്‍ അല്‍ഖുസൈം എന്നിവര്‍ അഭിനന്ദിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിനായി ഹറം പരിസരത്ത് നിന്ന് വിശ്വാസികളെ നിസ്കാരത്തിന് നിശ്ചയിച്ച സ്ഥലത്തേക്ക് തിരിച്ചുവിടുകയും തീര്‍ഥാടകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യുന്നുണ്ട്. അഞ്ചാമത്തെ നിലയില്‍ സഅ്യ് ചെയ്യുന്ന സ്ഥലത്ത് എ.സികള്‍ സ്ഥാപിക്കുകയും സംസം വെള്ളം കുടിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി ഹറം കാര്യാലയം അറിയിച്ചു. കൂടാതെ, അംഗപരിമിതര്‍ക്കും പ്രായമേറിയവര്‍ക്കും സഅ്യ് നിര്‍വഹിക്കുന്നതിനായി പ്രത്യേകം ട്രാക്കുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ, ഉംറ തീര്‍ഥാടകരുടെ സൗകര്യം മുന്‍നിര്‍ത്തി മതാഫില്‍ നിസ്കാരം ഒഴിവാക്കുന്നതിനു ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."