കോണ്‍ഗ്രസ്: സോണിയയുടെ പേര് നിര്‍ദേശിച്ചത് ചിദംബരം
ന്യൂഡല്‍ഹി: രണ്ടര മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് അധ്യക്ഷ കസേരയില്‍ വീണ്ടും സോണിയാ ഗാന്ധി എത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിക്കു വേണ്ടി സ്ഥാനം രാജിവച്ച സോണിയ ഗാന്ധിയാണ് ശാരീരിക അവശതകള്‍ നിലനില്‍ക്കെ വീണ്ടും പാര്‍ട്ടിയെ നയിക്കാന്‍ മുന്നോട്ടുവരുന്നത്. 2004 മുതല്‍ 2014 വരെ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോള്‍ സോണിയയായിരുന്നു പാര്‍ട്ടി അധ്യക്ഷ.
2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷകക്ഷിയാകാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. 2019 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് 2017 ല്‍ രാഹുലിന് വേണ്ടി സോണിയ അധ്യക്ഷപദവി ഒഴിഞ്ഞത്.
എന്നാല്‍, ഈ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഫലം പുറത്തുവന്ന് അടുത്തദിവസം തന്നെ രാഹുല്‍ രാജിയും പ്രഖ്യാപിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. മുതിര്‍ന്ന നേതാക്കളുടെ നിസഹകരണവും സ്വാര്‍ഥ താല്‍പ്പര്യവും രാഹുല്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നു മുതല്‍ രൂപപ്പെട്ട അനിശ്ചിതത്വത്തിനാണ് ശനിയാഴ്ച താല്‍ക്കാലിക വിരാമമായത്.
നെഹ്‌റുകുടുംബത്തില്‍ നിന്നുള്ള ആരെയും ഇനി പാര്‍ട്ടി പ്രസിഡന്റാക്കരുതെന്ന് നിര്‍ദേശിച്ചാണ് രാഹുല്‍ അധ്യക്ഷപദവിയില്‍ നിന്ന് രാജിവച്ചത്. പ്രിയങ്കയും പാര്‍ട്ടിയിലെ അടുത്ത വൃത്തങ്ങളും പ്രവര്‍ത്തകസമിതി മൊത്തമായും പലതവണ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പദവിയേറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. സമ്മര്‍ദം കൂടിയതോടെ കോണ്‍ഗ്രസ് നേതാക്കളെയാരെയും കാണാനും രാഹുല്‍ കൂട്ടാക്കിയില്ല.
ഇന്നലെ അവസാനമായി രാഹുലിനോട് പദവിയില്‍ തുടരാന്‍ അഭ്യര്‍ഥിച്ചെങ്കിലും പറ്റില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് 72 കാരിയായ സോണിയയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്.
നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരുന്നതിനോട് പ്രവര്‍ത്തക സമിതിയില്‍ ആരും യോജിച്ചില്ല. ഇതോടെ മുതിര്‍ന്ന നേതാവ് പി.ചിദംബരമാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. ഇതിനെ പ്രിയങ്കാഗാന്ധിയും എ.കെ ആന്റണിയും എതിര്‍ത്തു. നേതൃത്വത്തിലേക്കില്ലെന്ന് സോണിയയും അറിയിച്ചു. എന്നാല്‍, സോണിയ സന്നദ്ധയാണെങ്കില്‍ നടപടിയെ പിന്തുണയ്ക്കാമെന്ന് പിന്നീട് പ്രിയങ്ക യോഗത്തില്‍ പറഞ്ഞു.
ഈ അഭിപ്രായത്തോട് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ യോജിച്ചു. അപ്പോഴും ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു. എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയ ആന്റണിയോട് ജനറല്‍ സെക്രട്ടറിയും യുവമുഖവുമായ ജ്യോതിരാദിത്യ സിന്ധ്യ ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ ആന്റണി എതിര്‍ സ്വരം ഒഴിവാക്കി. സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയാറായില്ലെങ്കില്‍ സോണിയ സ്ഥാനമേറ്റെടുക്കട്ടെയെന്ന് സിന്ധ്യ അഭിപ്രായപ്പെട്ടു.
രാഹുല്‍ അല്ലെങ്കില്‍ സോണിയയെ പരിഗണിക്കാമെന്ന് ചിദംബരത്തെ പിന്തുണച്ച് ഗുലാംനബി ആസാദും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."