സ്ത്രീപള്ളി പ്രവേശനം: മലക്കം മറിഞ്ഞു മുജാഹിദ്, വിവാദമാക്കേണ്ട വിഷയമല്ലെന്ന് അബ്ദുല്ലക്കോയ മദനി
കെ. ജംഷാദ്
കോഴിക്കോട്: സ്ത്രീ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് മുജാഹിദ് നേതൃത്വം മലക്കം മറിയുന്നു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന വിവാദങ്ങളില്‍ അര്‍ഥമില്ലെന്നും ഇത് വിവാദമാക്കേണ്ടെന്നും കെ.എന്‍.എം (സി.ഡി ടവര്‍ വിഭാഗം) പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്ത്രീ പള്ളിപ്രവേശന വിഷയത്തില്‍ അദ്ദേഹം നിലപാട് മാറ്റിയത്.
ശബരിമലവിധിയുമായി സ്ത്രീപള്ളി പ്രവേശനത്തെ കൂട്ടിക്കലര്‍ത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളുണ്ടാക്കി ഇസ്‌ലാമിക ശരീഅത്തിനെ അപഹസിക്കുന്നത് നീതീകരിക്കാനാവില്ല. മതനിരാസ പ്രചാരണത്തിന്റെ മറവില്‍ മതത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നടത്തിപ്പ് ചുമതലയുള്ള പള്ളികളില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന് (ഇമാം)സ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ പുരോഗമന സംഘടനയായ നിസ സുപ്രിംകോടതിയില്‍ ഹരജി നല്‍കാനിരിക്കെയാണ് സ്ത്രീപള്ളി പ്രവേശനവാദം മുജാഹിദ് പ്രസ്ഥാനത്തിന് തന്നെ തിരിച്ചടിയായത്.
സ്ത്രീകള്‍ പ്രാര്‍ഥനക്ക് പോകുന്ന പള്ളികളില്‍ തന്നെ ആരാധനാ കാര്യത്തില്‍ വിവേചനം അനുഭവപ്പെടുന്നുണ്ടെന്നാണ് നിസയുടെ വാദം. പള്ളികളിലെ നിസ്‌കാരം, ബാങ്കുവിളി തുടങ്ങിയ കര്‍മങ്ങളിലെല്ലാം സ്ത്രീകള്‍ക്കും അവകാശം ലഭിക്കണമെന്ന വാദമാണ് മുജാഹിദ്, ജമാഅത്ത് നേതൃത്വങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മതിയായ സൗകര്യങ്ങളുള്ളപ്പോള്‍ എന്തിനാണ് സ്ത്രീപള്ളിപ്രവേശനം വിവാദമാക്കുന്നതെന്നാണ് ടി.പി അബ്ദുല്ലക്കോയ മദനി ചോദിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ സുന്നിപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദം ഉയര്‍ന്നപ്പോള്‍ മുജാഹിദ്, ജമാഅത്ത് പ്രസ്ഥാനം മൗനം പാലിക്കുകയായിരുന്നു. അവരുടെ പള്ളികളില്‍ നിസ്‌കാരത്തിന് മാത്രം അനുമതി പോര, ഇമാം നില്‍ക്കാനും മറ്റും അനുവാദം വേണമെന്ന ആവശ്യമുയര്‍ന്നതാണ് ഇപ്പോഴുള്ള നിലപാട് മാറ്റത്തിന് പിന്നില്‍.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, എം. അബ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി, പി.കെ സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, ശരീഫ് മേലേതില്‍, കെ.എം.എ അസീസ്, നാസര്‍ മുണ്ടക്കയം, മമ്മൂട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."