വ്യാജ ഏറ്റുമുട്ടല്‍: ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം
ഗുവാഹത്തി: അസമില്‍ അഞ്ച് യുവാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ മുന്‍ മേജര്‍ ജനറല്‍ ഉള്‍പ്പെടെ ഏഴുപേരെ ജീവപര്യന്തം തടവിന് സൈനിക കോടതി ശിക്ഷിച്ചു. മേജര്‍ ജനറലിനുപുറമെ രണ്ട് കേണലുമാരെയും, നാല് സൈനികരെയുമാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.
1994ലാണ് വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടായത്. അസമിലെ ദിബ്രുഗഡ് ജില്ലയിലെ 2- ഇന്‍ഫന്ററി മൗണ്ടന്‍ ഡിവിഷനിലെ സൈനിക കോടതിയാണ് ശിക്ഷ വിധിച്ചത്. മേജര്‍ ജനറല്‍ എ.കെ ലാല്‍, കേണലുമാരായ തോമസ് മാത്യു, ആര്‍.എസ് സിബിരെന്‍, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരായ ദിലീപ് സിങ്, ജഗ്ദിയോ സിങ്, നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരായ അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവരെയാണ് സൈനിക കോടതി ശിക്ഷിച്ചത്. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് 2007ല്‍ മേജര്‍ ജനറല്‍ എ.കെ ലാലിനെ പുറത്താക്കിയിരുന്നു. 2010ല്‍ സൈനിക കോടതിയില്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കിയ ഇദ്ദേഹത്തിനെതിരായ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഓള്‍ അസം വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകരായ പ്രഭിന്‍ സോനോവാള്‍, പ്രദീപ് ദത്ത, ദേബാജിത്ത് ബിശ്വാസ്, അഖില്‍ സോനോവാള്‍, ബബന്‍ മോറാന്‍ എന്നിവരെ അസമിലെ തിന്‍സുകിയ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റ് നാലു പേരും പിടിയിലായിരുന്നു. 1994 ഫെബ്രുവരി 17നും 19നും ഇടയിലാണ് ഇവരെ പിടികൂടിയത്. ഒന്‍പതു പേരേയും പിന്നീട് ദോല്ല സൈനിക ക്യാംപില്‍ എത്തിച്ചു.
ഉല്‍ഫ ഭീകരര്‍ അസമിലെ ഒരു തേയിലത്തോട്ട ഉടമയായ രാമേശ്വര്‍ സിങിനെ കൊലപ്പെടുത്തിയിരുന്നു. ഇത് യുവാക്കളുടെ പേരില്‍ ചുമത്തുകയും ഇവരില്‍ അഞ്ചു പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് സൈനികര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ഇതിനെതിരേ ഓള്‍ അസം വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ജഗദീഷ് ഭുയാന്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്.കോടതി നിര്‍ദേശ പ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സൈന്യം പിടികൂടിയ ശേഷം വിട്ടയച്ച നാലുപേര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും മൊഴിയെടുത്തിരുന്നു. ഇതിനിടയില്‍ സൈനിക കോടതിയും നിയമ നടപടിയുമായി മുന്നോട്ടു നീങ്ങി. കുറ്റാരോപിതരെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇവരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടതും ജീവപര്യന്തം ശിക്ഷ വിധിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."