സ്രഷ്ടാവിനോട് നന്ദിയുള്ളവരാകണം
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമ സൃഷ്ടിയാണ് മനുഷ്യന്‍. മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെയോ, അല്ലാഹുവിന് ആരാധനകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയും. 'ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെ'ന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട് (ഖുര്‍ആന്‍- 954). മനുഷ്യനെ അല്ലാഹു പടച്ചത് ഉത്തമമായ രൂപത്തിലാണ്. ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു: 'നിന്നെ സൃഷ്ടിക്കുകയും നല്ലരൂപത്തില്‍ സംവിധാനിക്കുകയും ചെയ്തവനാണവന്‍' (827).
ശാസ്ത്ര ലോകത്ത് അത്ഭുത സൃഷ്ടിയാണ് മനുഷ്യന്‍. അധി സങ്കീര്‍ണമാണവന്റെ ഘടന. ഏകദേശം അറുനൂറു കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ശരീരത്തിന്റെ 60 ശതമാനവും വെള്ളമാണ്. തലച്ചോറിന്റെ 85 ശതമാനവും രക്തത്തിന്റെ 80 ശതമാനവും ജലം തന്നെ. കൂടാതെ ഓക്‌സിജന്‍, കാര്‍ബണ്‍ഡൈഓക്‌സൈഡ,് ഹൈഡ്രജന്‍, നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങി ഇരുപതോളം മൂലകങ്ങള്‍ മനുഷ്യ ശരീരത്തില്‍ സമ്മേളിച്ചിരിക്കുന്നു.
എല്ലില്‍ പോലും കാല്‍ ഭാഗവും ജലമാണത്രേ (മനുഷ്യ ശരീരം മഹാത്ഭുതം ഡോ. സി.എന്‍ പരമേശ്വരന്‍). 650 കോടിയോളം ജനങ്ങള്‍ ഇന്നു ലോകത്ത് ജീവിക്കുന്നു. ഇവരോരുത്തരുടെയും മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. നമുക്ക് മുന്‍പ് മരിച്ചവരുടെയും ഇനി ജനിക്കാനിരിക്കുന്നവരെല്ലാം തമ്മില്‍ വ്യതിരിക്തതയുണ്ട്. അല്ലാഹു പറയുന്നു: 'മനുഷ്യന്റെ വിരല്‍ കൊടികളെപ്പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനാണ് നാം' (അല്‍ ഖിയാമ- 4).
ഇത്രമേല്‍ ആസൂത്രിതമായി നമ്മെ പടച്ച അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുവാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ? സ്രഷ്ടാവായ അല്ലാഹുവാണ് നമുക്ക് ജീവനും ജീവിതവും കണ്ണും കാഴ്ചയും കാതും കേള്‍വിയും നാവും സംസാരശേഷിയും മൂക്കും വാസനിച്ചറിയാനുള്ള കഴിവും ഹൃദയവും വിശേഷബുദ്ധിയും നടക്കാന്‍ കാലും പിടിക്കാന്‍ കൈകളും നമ്മുടെ ശരീരത്തില്‍ സംവിധാനിച്ചത്.
'നിങ്ങളില്‍ തന്നെയും പല ദൃഷ്ടാന്തങ്ങളുണ്ട് എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?' (ഖുര്‍ആന്‍- 51:21) 'അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി തന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു. (ഖുര്‍ആന്‍- 23:78). നാം നന്ദിയുള്ളവരായി ജീവിച്ചാല്‍ അതിന്റെ ഫലം ദുനിയാവിലും പരലോകത്തും നമുക്കു ലഭിക്കും. നാം നന്ദികെട്ടവരാണെങ്കില്‍ കഠിനമായ നരകശിക്ഷ നാം അനുഭവിക്കേണ്ടിവരും. 'നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നാം കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. നന്ദികേട് കാണിക്കുന്നുവെങ്കില്‍ എന്റെ ശിക്ഷ അതികഠിനമായിരിക്കുമെന്ന് നിങ്ങളുടെ നാഥന്‍ വിളംബരം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ'. (ഖുര്‍ആന്‍- 14:7).
അല്ലാഹു നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങള്‍ നല്‍കി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, സമ്പത്ത്, സന്താനങ്ങള്‍, ആരോഗ്യം, ജോലി, അറിവ്, അധികാരം ഇങ്ങനെ പോവുന്നു അതിന്റെ പട്ടിക. ഇതെല്ലാം അല്ലാഹു നല്‍കിയതാണെന്നും ഞാന്‍ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ, അഹങ്കരിക്കുമോ, എന്നെല്ലാം അല്ലാഹു തന്നെ പരീക്ഷിക്കുകയാണെന്നും ഓര്‍ക്കുന്ന എത്രപേര്‍ നമ്മുടെ കൂട്ടത്തിലുണ്ട്? ഈ അനുഗ്രഹങ്ങള്‍ ഒന്നും ലഭിക്കാത്ത എത്രയോ ആളുകള്‍ നമ്മുടെ ചുറ്റുപാടില്‍ ജീവിക്കുന്നുണ്ട്. അവരെക്കുറിച്ച് സ്മരിക്കാനോ രക്ഷിതാവ് നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ ഉപയോഗിച്ച് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനോ നാം ശ്രമിക്കാറുണ്ടോ? നാം സ്രഷ്ടാവിനോട് നന്ദി കാണിക്കുന്നതോടൊപ്പം നമ്മുടെ മാതാപിതാക്കളോടും നന്ദിയുള്ളവരാകണം. നമ്മുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പിന്നില്‍ നമ്മുടെ മാതാപിതാക്കളുടെ കഠിനാധ്വാനവും ത്യാഗവുമുണ്ടെന്ന കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്. അപ്പോഴാണ് നാം സ്രഷ്ടാവിന്റെ കല്‍പനകള്‍ പൂര്‍ത്തീകരിച്ചവരാകുക.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."