അതിജീവനത്തിന്റെ ബലിപെരുന്നാള്‍
സമ്പൂര്‍ണമായ ആത്മ സമര്‍പ്പണത്തിന്റെ സ്മരണ പുതുക്കി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി കടന്നുവന്നിരിക്കുന്നു. ഇസ്‌ലാമിലെ രണ്ടുപെരുന്നാള്‍ ആഘോഷവും രണ്ടു വിശിഷ്ട ആരാധനകളോട് ചേര്‍ന്നുകൊണ്ടാണ് നടക്കുന്നത്. റമദാന്‍ വ്രതത്തെ തുടര്‍ന്ന് ഈദുല്‍ ഫിത്വ്‌റും ഹജ്ജിനോടനുബന്ധിച്ച് ഈദുല്‍ അദ്ഹായും. അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനാരോഗ്യകരമായ ആഭാസങ്ങളുടെയും അനാചാരങ്ങളുടെയും അനൗചിത്യം ഇവിടെ വ്യക്തമാകുന്നുണ്ട്. മാനവികമായ സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞുകവിയുന്നത്. നശ്വരമായ മനുഷ്യജീവിതത്തിന്റെ സുപ്രധാന ലക്ഷ്യമാണ് സ്രഷ്ടാവായ അല്ലാഹുവില്‍ സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധമായിരിക്കുക എന്നത്. ഇത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തി ലോകജനതക്ക് കാണിച്ചുകൊടുത്ത മഹാ മാതൃകയായിരുന്നു ഖലീലുല്ലാഹി ഇബ്‌റാഹിം (അ). നിലക്കാത്ത പരീക്ഷണങ്ങളില്‍ പതറാതെ സ്രഷ്ടാവിന്റെ വിധിയില്‍ അചഞ്ചലനായി നിലകൊണ്ട ഇബ്‌റാഹിം നബി(അ)ന്റെ ത്യാഗോജ്വല ജീവിതം എന്നും മാനവര്‍ക്ക് മാതൃകയാണ്.
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ തനിക്ക് കിട്ടിയ കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ സ്രഷ്ടാവ് കല്‍പ്പിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ അത് നടപ്പിലാക്കാന്‍ സര്‍വാത്മനാ തയാറായത് ഇബ്‌റാഹിം നബിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണതയാണ് അടയാളപ്പെടുത്തുന്നത്. ഈ തീരുമാനം പുനഃപരിശോധിക്കാനോ ഈ വിധിയില്‍ ആധി കൊള്ളാനോ ആ മഹാനുഭാവന്‍ തയാറായില്ല. പിതാവ് ഇബ്‌റാഹിം നബിയെപ്പോലത്തന്നെ മകന്‍ ഇസ്മാഈല്‍ നബിക്കും ക്ഷമയും സ്ഥൈര്യവും വേണ്ടുവോളമുണ്ടായിരുന്നു. അല്ലാഹുവിന്റെ വിധി നടപ്പില്‍ വരുത്താന്‍ സ്വയം പിതാവിന് മുന്നില്‍ ബലിനല്‍കാന്‍ തയാറായി കിടക്കുകയും പിതാവ് ഇബ്‌റാഹിം നബി (അ) മകന്റെ കഴുത്തില്‍ കത്തിവയ്ക്കുകയും ചെയ്തു. പക്ഷേ അത്ഭുതകരം, കത്തി ഫലിക്കുന്നില്ല. അവസാനം ഇബ്‌റാഹിം നബി (അ)യുടെ സന്നദ്ധത പ്രശംസിക്കപ്പെടുകയും പകരം ഒരാടിനെ ബലിയര്‍പ്പിക്കാന്‍ സ്രഷ്ടാവ് കല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. സ്വന്തം മകന്റെ ജീവന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഇബ്‌റാഹീമിന്റെ വിശ്വസത്തിന്മേലുള്ള പരീക്ഷണമായിരുന്നു നാഥന്‍ അര്‍ഥമാക്കിയത്. സമര്‍പ്പണവും അചഞ്ചലമായ വിശ്വാസവുമാണ് മോക്ഷമാര്‍ഗമെന്ന സന്ദേശമാണ് ഈ ചരിത്രം വിളിച്ച് പറയുന്നത്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ വിശുദ്ധ ഹജ്ജ്കര്‍മം അതിന്റെ പരിസമാപ്തിയിലേക്കടുക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. പാപ പങ്കിലമായ ഹൃദയങ്ങളെ സ്ഫുടം ചെയ്യുന്ന വിശുദ്ധമായ ഹജ്ജിനായി ഇസ്‌ലാമിന്റെ ഉറവിടമായ മക്കയില്‍ ലക്ഷോപലക്ഷം ജനങ്ങളാണ് സമ്മേളിക്കുന്നത്. ഇബ്‌റാഹിംനബിയുടെ വിളിക്കുത്തരമെന്നോണം ലോകത്തങ്ങോളമിങ്ങോളമുള്ള വിശ്വാസികളുടെ പ്രതിനിധികളാണ് ഓരോ വര്‍ഷവും ഹജ്ജിനായി മക്കയില്‍ കേന്ദ്രീകരിക്കുന്നത്. ഒരേ വേഷത്തില്‍, ഒരേ മനസുമായി, ഒരേ ഒരു ലക്ഷ്യത്തോടെയാണ് ആ ജനസഞ്ചയം ഇബ്‌റാഹിമും ഇസ്മാഈലും പുനര്‍നിര്‍മിച്ച കഅ്ബക്കു ചുറ്റിലും കേന്ദ്രീകരിച്ചിരിക്കുന്നത്.
മാനവരാശിയെ പ്രതിനിധാനം ചെയ്ത് തലമുറകളിലൂടെ അവിടേക്ക് തീര്‍ഥാടന പ്രവാഹം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ഹജ്ജിന് ജനങ്ങളോട് വിളംബരം ചെയ്യുക. എന്നാല്‍ കാല്‍നടയായും ദൂരദിക്കുകളില്‍നിന്ന് വരുന്ന മെലിഞ്ഞ വാഹനപ്പുറത്ത് കയറിയും അവര്‍ താങ്കളുടെ അടുത്ത് എത്തുന്നതാണ് '(ഹജ്ജ് 27) എന്ന അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്‌റാഹിം (അ) ന്റെ ആ വിളിയാളം ഇന്നും അലയടിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ തോളിനോടു ചേര്‍ന്നു നില്‍ക്കുന്ന, കൂടെ അണിയില്‍ നില്‍ക്കുന്ന തന്റെ സഹോദരനെ, അന്യ ദേശക്കാരനായതിന്റെ പേരില്‍, അന്യവര്‍ണക്കാരനായതിന്റെ പേരില്‍ അന്യഭാഷക്കാരനായതിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് ഹജ്ജില്‍ മുഴങ്ങുന്നത്. ഹജ്ജ് നമ്മോട് വിളിച്ചു പറയുന്ന സന്ദേശമതാണ്.
ബലിപെരുന്നാളിന്റെ മര്‍മം ബലിയാണ്. ആഇശ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു 'ബലിപെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കൃത്യം രക്തമൊലിപ്പിക്കലാണ്. അന്ത്യനാളില്‍ ബലിമൃഗം അതിന്റെ കൊമ്പ്, കുളമ്പ്, രോമങ്ങള്‍ എന്നിവയുമായി പ്രത്യക്ഷപ്പെടും. അതിന്റെ രക്തം ഭൂമിയില്‍ പതിക്കുംമുമ്പ് അല്ലാഹുവില്‍നിന്നുള്ള ഉന്നത സ്ഥാനത്തെത്തും. ബലിമൃഗംകൊണ്ട് നിങ്ങള്‍ ആ സന്തോഷം നേടുക.' (ഇബ്‌നുമാജ).
ബലിമൃഗം അല്ലാഹുവിന്റെ അടയാളമാണെന്നും അതിനെ ആദരിക്കണമെന്നും ഭക്തിയുടെ പ്രതിഫലനമാണെന്നും മേല്‍ വിവരണങ്ങളില്‍നിന്ന് വ്യക്തമാക്കുന്നു. ബലിമൃഗങ്ങള്‍ തടിച്ചുകൊഴുത്തതായിരിക്കുക, കൊമ്പില്ലാത്തതോ കൊമ്പ് പൊട്ടിയതോ ആകാതിരിക്കുക, പെരുന്നാള്‍ നിസ്‌കാര ശേഷം മാത്രം ബലികര്‍മം നടത്തുക, അറവ് നിര്‍വഹിക്കുന്നവന്‍ മുസ്‌ലിമാകുക, ബലി പകല്‍ സമയത്താവുക, മൃദുലമായ പ്രതലത്തില്‍വച്ച് അറവ് നടത്തുക, ബലിമൃഗത്തെ ഖിബ്‌ലയുടെ ദിശയിലേക്ക് തിരിക്കുക, അറവ് നടത്തുന്നവര്‍ ഖിബ്‌ലയിലേക്ക് തിരിയുക, അല്ലാഹുവിന്റെ നാമത്തില്‍ നബി(സ)യുടെ സ്വലാത്തും സലാമും ചൊല്ലി 'അല്ലാഹുമ്മ ഹാദാ മിന്‍ക വ ഇലൈക്ക ഫ തഖബ്ബല്‍ മിന്നീ' (അല്ലാഹുവേ, ഇത് നിന്നില്‍നിന്നാണ് നിന്നിലേക്കുമാണ് എന്നില്‍ നിന്ന് നീ സ്വീകരിക്കേണമേ) എന്ന പ്രാര്‍ഥനയോടെ അറവ് നടത്തുക (ഇആനത്ത് 2:523) ഇപ്രകാരമാണ് ബലിമൃഗത്തെ ആദരിച്ച് ഭക്തരാകേണ്ടതെന്നാണ് പണ്ഡിത വിശകലനം.
യാദൃച്ഛികമാണെങ്കിലും നമ്മെ വീണ്ടും പിടികൂടിയ പ്രളയപരീക്ഷണം ബലിപെരുന്നാളിനോട് ചേര്‍ന്ന് വന്നത് ജീവിതപരീക്ഷണത്തിലെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന രൂപത്തിലാകണം. വിശ്വാസി എന്നും പരീക്ഷണങ്ങള്‍ക്ക് മധ്യേയാണ് നിലകൊള്ളുന്നത് അതില്‍ അതിജയിക്കുക എന്നതാണവന്റെ ദൗത്യം എന്നത് നാം വിസ്മരിച്ചു കൂടാ. മനുഷ്യര്‍ നേരിടുന്ന വിപത്തുകള്‍ക്ക് പിന്നില്‍ പല യുക്തികളും അല്ലാഹു ഉദ്ദേശിക്കുന്നുണ്ട്. മനുഷ്യന്‍ അശക്തനാണ് എന്ന തിരിച്ചറിവ് നല്‍കുന്നതാണ് അതില്‍ പ്രധാനയുക്തി. പാഞ്ഞുവരുന്ന മലവെള്ളപ്പാച്ചിലിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കാനേ മനുഷ്യന് സാധിക്കുന്നുള്ളൂ. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇത് നാം കണ്ടതാണ്. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്ന ദയനീയ കാഴ്ച. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ മറന്ന് അഭിരമിക്കുന്നവര്‍ക്ക് ഒരു താക്കീത്.
പ്രകൃതി ദുരന്തങ്ങള്‍ ഒരു അര്‍ഥത്തില്‍ മനുഷ്യന്റെ വീഴ്ചകളാലുണ്ടാവുന്നതാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്ന രീതിയിലുള്ള മനുഷ്യന്റെ പ്രവൃത്തികളാണ് ഇതിന് കാരണമാവുന്നത്. എന്നാല്‍ അപകടങ്ങള്‍ ബാധിക്കുക സമൂഹത്തെ മൊത്തത്തിലായതിനാല്‍ നാട്ടുകാര്‍ മുഴുവന്‍ അതിന്റെ ദുരിതം പേറുന്നു. സജ്ജനങ്ങളും അതില്‍ ഉള്‍പ്പെടുന്നു. അത്തരം പരീക്ഷണങ്ങള്‍ മനുഷ്യന്റെ പാപങ്ങള്‍ തന്നെ പൊറുത്തുകൊടുക്കാന്‍ തക്കതാണ്. വിശ്വാസികള്‍ക്ക് വിപത്തുകള്‍ അനുഗ്രഹമാണ്. കാരണം അവ പാപങ്ങളെ മായ്ച്ച് കളയുന്നു. ക്ഷമയിലേക്ക് ക്ഷണിക്കുന്നു. അതിലൂടെ പ്രതിഫലത്തിനര്‍ഹരായിത്തീരുന്നു. അല്ലാഹുവിലേക്ക് മടങ്ങാനും അവന്റെ മുമ്പില്‍ വിനയാന്വിതനാകാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു.
വിപത്തുകള്‍ കൊണ്ടുള്ള പരീക്ഷണങ്ങളില്‍ ആര് ക്ഷമിക്കുന്നു എന്നും ആര് അക്ഷമ കാട്ടുന്നു എന്നുമുള്ള നോട്ടവും വലിയൊരു യുക്തിയായി ഇതിന്റെ പിന്നിലുണ്ട്. നബി(സ) പറയുന്നു: 'പരീക്ഷണത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രതിഫലത്തിന്റെ ആധിക്യം. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കും. പരീക്ഷണങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെട്ടാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. കോപിച്ചാല്‍ അല്ലാഹുവിന്റെ കോപവുമുണ്ട്' (തിര്‍മിദി).
'നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് നല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടി മാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.' (വി.ഖു 10:107)
പെരുന്നാള്‍ദിനത്തില്‍ അകന്നതും അടുത്തവരുമായ എല്ലാ ബന്ധങ്ങളിലേക്കും നേരിട്ടുപോയി കുടുംബ ബന്ധം പുലര്‍ത്തണം. അശരണരെ സഹായിക്കാന്‍ മുന്നേട്ട് വരണം. അതാണ് പെരുന്നാളിന്റെ ആത്മീയമുഖം. അന്യന്റെ വേദനകള്‍ക്ക് ചെവി കൊടുക്കാനും അവന്റെ ദുഃഖത്തില്‍ നിര്‍വ്യാജം പങ്കുകൊള്ളാനും കഴിയണം.
ദുരിതങ്ങള്‍ക്ക് നടുവിലാണ് ഈ പെരുന്നാള്‍ എന്നതിനാല്‍ നമ്മുടെ പ്രയത്‌നങ്ങളും വര്‍ധിപ്പിക്കേണ്ടി വരും. കേരളത്തിലെ ജനങ്ങളെ വിശിഷ്യാ പിടികൂടിയ ഈ പ്രളയം ഇതിനകം തന്നെ നിരവധി ജീവനുകള്‍ കവര്‍ന്നെടുത്തു. പ്രളയം കാരണം സ്വഭവനങ്ങളിലേക്കെത്താന്‍ കഴിയാത്ത അനേകം ആളുകള്‍ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ജാതി മത വ്യത്യാസമില്ലാതെ എത്തിക്കാനും അവരുടെ ദുഃഖങ്ങളൊപ്പാനും നാം രംഗത്തിറങ്ങേണ്ടതുണ്ട്. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത് മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. നാം നിസ്സാരരാണെന്നും അല്ലാഹുവിന്റെ കരുണ ഉണ്ടെങ്കിലേ രക്ഷപ്രാപിക്കാന്‍ കഴിയുകയുള്ളൂ എന്നും ഓരോ ദുരിതങ്ങളും നമ്മോട് വിളിച്ച് പറയുമ്പോള്‍ നാം എല്ലാം അല്ലാഹുവിന് സമര്‍പ്പിക്കാന്‍ സന്നദ്ധരാകണം. സഹജീവികളുടെ കണ്ണീരൊപ്പാനും അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരാനും സാധിക്കണം. അത്തരം ഒരു സന്ദേശമാകണം ഈ ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്. ഇതാണ് എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച വിജയ ശ്രീലാളിതനായ ഇബ്‌റാഹീമിന്റെ സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."