ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില ഗുരുതരം
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ഗോവയിലേക്ക് കൊണ്ടുവന്നു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ആഗ്നേയ ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധയെതുടര്‍ന്നാണ് അദ്ദേഹം അമേരിക്കയില്‍ ചികിത്സക്ക് വിധേയനായിരുന്നത്. തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി സംസ്ഥാന കോര്കമ്മിറ്റിയുമായും മന്ത്രിമാരുമായും സഖ്യകക്ഷികളുമായും എയിംസില്‍ പരീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. തന്റെ അസാന്നിധ്യത്തില്‍ ഭരണരംഗം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം മന്ത്രിമാരോട് പറഞ്ഞതായും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മധ്യത്തോടെയാണ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം പനാജിയിലും മുംബൈയിലും തുടര്‍ന്ന് അമേരിക്കയിലും ചികിത്സക്കായി പോയത്. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഗോവയില്‍ തിരിച്ചെത്തി വീണ്ടും ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടയിലാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."