പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ലെന്ന് റിപ്പോര്‍ട്ട്; മരം മുറിക്കലും മണ്ണിളക്കലും കാരണം ശക്തമായ മണ്ണിടിച്ചിലാണ് അപകടത്തിനിടയാക്കിയതെന്നും മണ്ണ് സംരക്ഷണ വകുപ്പ്
വയനാട്: പുത്തുമലയില്‍ 18ഓളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കാനാവില്ലെന്നും അതിശക്തമായ മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. പ്രദേശത്ത് വ്യാപകമായി നടന്ന മരംമുറിക്കലും ഏലം പോലുള്ള കൃഷിക്കായി നടത്തിയ മണ്ണിളക്കിയുള്ള കൃഷിരീതിയും അപകടം ക്ഷണിച്ചുവരുത്തിയെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടത്തെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. 20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
ഒരാഴ്ചയോളം അതിതീവ്ര മഴ പെയ്തതും പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളം കുത്തിയൊലിച്ചതുമാണ് ദുരന്തിന് കാരണമായത്.
ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു.പുത്തുമലയിലുണ്ടായ അതിതീവ്ര മണ്ണിടിച്ചില്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."