വിദേശ സൈനികരുടെ പിന്‍മാറ്റം: ചര്‍ച്ച നടത്താന്‍ യു.എസ് തയാറായെന്ന് താലിബാന്‍ ചര്‍ച്ച തുടരാന്‍ ധാരണ
ദോഹ: അഫ്ഗാനിസ്ഥാനിലെ വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ യു.എസ് തയാറായെന്ന് താലിബാന്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സാല്‍മ ഖലിസാദിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് താലിബാന്‍ ഔദ്യോഗികമായി അറിയിച്ചു.
ആറോളം യു.എസ് പ്രതിനിധികളാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും വിദേശ സൈന്യത്തിന്റെ പിന്‍മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയിലെ വിഷയമായിരുന്നുവെന്നും താലിബാന്‍ പ്രതിനിധി സബീഹുല്ല മുജാഹിദ് പറഞ്ഞു. പ്രാഥമിക കൂടിക്കാഴ്ചയായിരുന്നു ഇത്. വിശദമായിട്ടല്ലെങ്കിലും പൊതുവില്‍ നിലവിലുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.നിലവില്‍ 14,000 യു.എസ് സൈനികരാണ് ഇവിടെയുള്ളത്. താലിബാനോടുള്ള പുതിയ നയതന്ത്രത്തിന്റെ ഭാഗമായി അഫ്ഗാനിലെ സൈന്യത്തെ വര്‍ധിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.
എന്നാല്‍ വിദേശ സൈനികരുടെ സാന്നിധ്യം സമാധാനത്തിന് വലിയ പ്രതിസന്ധിയാണെന്ന് താലിബാന്‍ പറഞ്ഞിരുന്നു. വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതിനൊപ്പം നേതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ഉപരോധങ്ങളും പിന്‍വലിക്കണമെന്ന് താലിബാന്‍ പ്രതിനിധി ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഞായറാഴ്ച വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 36 പേര്‍ക്ക് പരുക്കേറ്റു. താകര്‍ പ്രവിശ്യയില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവര്‍ക്കിടിയില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."