ബാങ്കിന് നഷ്ടപ്പെട്ട പണം ഭരണ സമിതിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവ്
ചേര്‍ത്തല: ഭൂമിവാങ്ങല്‍ തട്ടിപ്പില്‍ ശ്രീകണ്ഠമംഗലം സഹകരണബാങ്കിന് നഷ്ടപ്പെട്ട 14.40 ലക്ഷം രൂപയും പലിശയും ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ആര്‍ ശശിധരന്‍ പ്രസിഡന്റായുള്ള ബാങ്ക് ഭരണസമിതിയാണ് പണം അടയ്‌ക്കേണ്ടത്.
സ്വര്‍ണപണയ വായ്പാ തട്ടിപ്പിന്റെ പേരില്‍ ഭരണസമിതി നിലവില്‍ സസ്‌പെന്‍ഷനിലും ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുമാണ്. വസ്തുവാങ്ങലില്‍ ഉള്‍പ്പെടെ ക്രമക്കേടും അഴിമതിയും ബാങ്കില്‍ നടക്കുന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ലഭിച്ച പരാതിയില്‍ നടന്ന അന്വേഷങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. 2016 ജൂലൈ 11ന് ബാങ്കിനായി ഒമ്പത് സെന്റ് വസ്തു വാങ്ങിയതിലാണ് ബാങ്കിന് 14.40 ലക്ഷം രൂപ നഷ്ടം വന്നതായി കണ്ടെത്തിയത്. പുറമ്പോക്ക് തോട് മധ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ കെട്ടിടനിര്‍മാണത്തിന് ഭൂമി ഉപയോഗയോഗ്യമല്ല. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസ്തുവിന് 272733 രൂപ മാത്രമാണ് വിലയുള്ളത്. എന്നാല്‍ ബാങ്ക് വസ്തു വാങ്ങിയത് 14.4 ലക്ഷം രൂപയ്ക്കാണ്. വസ്തു ഉപയോഗയോഗ്യം അല്ലാത്തതിനാല്‍ ചെലവഴിച്ച തുക മുഴുവന്‍ ബാങ്കിന് നഷ്ടമായെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. മാത്രമല്ല, വസ്തു വാങ്ങുന്നതിന് ചട്ടപ്രകാരം സഹകരണവകുപ്പിന്റെ അനുമതി വാങ്ങിയതുമില്ല.
ഈ സാഹചര്യത്തിലാണ് 14.40 ലക്ഷം രൂപ 2016 ജൂലൈ 11 മുതല്‍ ഈടാകുന്നത് വരെ 18 ശതമാനം പലിശസഹിതം ഈടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ശനിയാഴ്ച ഉത്തരവായത്. നിലവിലുള്ള ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും സര്‍ചാര്‍ജിന് വിധേയമായി. ഇതോടെ ഇവരെല്ലാം അയോഗ്യരായതിനാല്‍ ഭരണസമിതിക്ക് ക്വാറം നഷ്ടപ്പെട്ടു. ഇക്കാരണത്താല്‍ ബാങ്ക് ഭരണസമിതി ഇല്ലാതായി. മാത്രമല്ല, സര്‍ചാര്‍ജിന് വിധേയരാകുന്ന പ്രസിഡന്റ് ആര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.
സഹകരണ നിയമപ്രകാരം ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് അയോഗ്യത നിലനില്‍ക്കും. നിലവില്‍ ബാങ്ക് ഭരണസമിതി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നേരത്തെയുള്ള ഉത്തരവനുസരിച്ച് സസ്‌പെന്‍ഷനിലാണ്. സ്വര്‍ണപണയ വായ്പയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഭരണസമിതിയെ സസ്‌പെന്റ് ചെയ്തതും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതും. ഇത് ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടിക്കെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിജയിച്ചില്ല.
വസ്തുവാങ്ങല്‍ ഇടപാടിന് ശേഷം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ ശശിധരന്റെ നേതൃത്വത്തിലെ കോണ്‍ഗ്രസ് പാനലിനാണ് ഭൂരിപക്ഷം ലഭിച്ചത്. പഴയ ഭരണസമിതിയിലെ ഭൂരിപക്ഷംപേരും മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."