നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതി എസ്.ഐ സാബുവിന് കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാംപ്രതിയായ എസ്.ഐ സാബുവിന് 40 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യവും 40000 രൂപയും കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസക്കാലം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം.
കേസില്‍ പ്രോസിക്യൂഷന് പോരായ്മ സംഭവിച്ചതായി ജാമ്യ ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി അറിഞ്ഞാണെന്നും ജയിലിലെത്തിക്കുന്നത് വരെ ദേഹത്ത് പരുക്കില്ലെന്നുമായിരുന്നു സാബുവിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എന്നാല്‍ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായാണ് മരണം സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിരുന്നു. 22 പുതിയ പരുക്കുകള്‍ ശരീരത്തില്‍നിന്ന് തിരിച്ചറിയുകയും ചെയ്തു. കാലിലും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്.
തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്റര്‍ ആഴമുള്ള പരുക്കും കണ്ടെത്തിയിരുന്നു. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ബോധ്യമായി. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."