കേന്ദ്ര വിജ്ഞാപനം ബഹിഷ്‌ക്കരിക്കണം: കെ.സി വേണുഗോപാല്‍
ആലപ്പുഴ: പരമ്പരാഗത മീന്‍പിടുത്തക്കാരെ പരിപൂര്‍ണമായും ഒഴിവാക്കി വന്‍കിട ട്രോളറുകള്‍ക്കും, കുത്തകകള്‍ക്കും ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ദേശീയ സമുദ്ര മത്സ്യബന്ധനം സംബന്ധിച്ച് ഇപ്പോള്‍ ഇറക്കിയ വിജ്ഞാപനമെന്നും കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള ഈ വിജ്ഞാപനം അറബിക്കടലിലേക്ക് വലിച്ചെറിയണമെന്നും എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു.
കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ദേശീയ സമുദ്ര മത്സ്യബന്ധന നയം പരമ്പരാഗത മത്സ്യ മേഖലയ്ക്ക് ആഘാതം' എന്ന വിഷയത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യതൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കിയ മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിന് പകരമായി നിശ്ചയിച്ച ഡോ.അയ്യപ്പന്‍ കമ്മിറ്റി മത്സ്യമേഖലയിലെ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കുത്തകവത്കരണം നടത്താന്‍ പാകത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ മത്സ്യതൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തിന് പിന്‍തുണ എ.ഐ.സി.സി നല്‍കുമെന്നും,പാര്‍ലമെന്റില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി വിജ്ഞാപനത്തിനെതിരെ പ്രതികരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ആര്‍.ആസ്റ്റിന്‍ ഗോമസ് അധ്യക്ഷനായിരുന്നു.ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഏ.കെ.ബേബി, പൊഴിയൂര്‍ ജോണ്‍സണ്‍, റ്റി. പീറ്റര്‍, എസ്.സുബാഹു, എം.വി.സംഭവന്‍ എന്നിവര്‍ സംസാരിച്ചു.ഫിഷറീസ് വിദഗ്ദന്‍ ഏ.ജെ.വിജയന്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ.ജി.പത്മകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."