എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കവളപ്പാറക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്: വിഷമ സ്ഥിതിയില്‍ തളരരുത്, അതിജീവിക്കണമെന്നും പിണറായി വിജയന്‍
മലപ്പുറം: കവളപ്പാറയിലെ ദുരന്തബാധിതരോട് എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പിണറായി വിജയന്റെ ഉറപ്പ്. തിരിച്ച് ചെല്ലാന്‍ കഴിയാവുന്ന വീടുകളെല്ലാം വൃത്തിയാക്കണം. പകരം സ്ഥലം കണ്ടെത്താനും വീട് നിര്‍മിക്കാനും സര്‍ക്കാര്‍ കൂടെയുണ്ടാവും. വിഷമ സ്ഥിതിയില്‍ തകര്‍ന്ന് പോകരുത്. അതിജീവിക്കണം. നഷ്ടം സംഭവിച്ചവര്‍ക്ക് ആകാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
എല്ലാറ്റിനെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. കഴിഞ്ഞ വര്‍ഷം മഹാപ്രളയം ഉണ്ടായപ്പോള്‍ കേരളം അതിജീവിച്ചു. പ്രളയക്കെടുതികള്‍ പരിഹരിച്ച് വരുന്നതിനിടക്കാണ് വീണ്ടും ദുരിതം ഉണ്ടായത്. അന്നത്തെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചു, ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് ഒന്നിച്ച് നില്‍ക്കാന്‍ തന്നെയാകണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായിപ്പോയ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ പോരായ്മ കൊണ്ടല്ല, പ്രകൃതി അനുകൂലമല്ലാത്തതാണ് വെല്ലുവിളി. നമ്മുടെ ശ്രമം തുടരുകതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ദുരിതങ്ങളേയും കഷ്ടപ്പാടുകളേയും ഐക്യത്തോടെ അതിജീവിക്കാം എന്ന സന്ദേശമാണ് പിണറായി വിജയന്‍ ദുരിതാശ്വാസ ക്യാംപുകളിലും കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."