മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 94 ആയി: കവളപ്പാറയില്‍ നിന്ന് ഇന്ന് ലഭിച്ചത് നാലു മൃതദേഹം, മലപ്പുറത്തു മാത്രം കവര്‍ന്നത് 32 ജീവന്
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 94 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് നാലു മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് ആദ്യം കണ്ടെത്തിയിരുന്നത്. ഇതിനുശേഷമാണ് മൂന്ന് മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 36 പേരെയാണ് കവളപ്പാറയില്‍ നിന്നു മാത്രം കണ്ടെത്തേണ്ടത്.
അതേ സമയം പ്രളയവും മണ്ണിടിച്ചിലും മൂലം മലപ്പുറം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 32 മരണം. കവളപ്പാറയില്‍ 36 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കോട്ടക്കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ചാത്തന്‍കുളം സരോജിനിയുടെ(50) മൃതദേഹം തിങ്കളാഴ്ച രാവിലെ 11.30 ഓടെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തിരുന്നു.
എടവണ്ണയില്‍ നാലുപേരും വഴിക്കടവില്‍ രണ്ടും മുതുവല്ലൂരിലും പുറത്തൂരിലും അരീക്കോടും ഒരാള്‍ വീതവുമാണ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഇവിടെ നിന്ന് കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."