ചേകന്നൂര്‍ മൗലവി തിരോധാനം: കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
കോഴിക്കോട്: വിവാദമായ ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച വി ഹംസ സഖാഫിയെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇതോടെ സി ബി ഐ അന്വേഷണത്തില്‍ പ്രതികളായിരുന്ന ഒന്‍പത് പ്രതികളും മോചിപ്പിക്കപ്പെട്ടു.
മൗലവിയെ ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനാണ് വി.വി ഹംസ സഖാഫിയെ ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തെളിവില്ലാത്തതിനാല്‍ നേരത്തെ തന്നെ കേസിലെ എട്ടുപ്രതികളെയും വിട്ടയച്ചിരുന്നു.
1993 ജൂലൈ 23 നായിരുന്നു ചേകന്നൂര്‍ മൗലവിയെ മതപ്രഭാഷണത്തിനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും മൃതദേഹം നശിപ്പിക്കുകയും ചെയ്തുവെന്ന് കരുതുമ്പോഴും ഇതേക്കുറിച്ച് ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
1993 ജൂലൈ 29ന് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്നാണ് മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. രണ്ടുദിവസമായിട്ടും തിരിച്ചെത്താത്ത മൗലവിയെ കാണാനില്ലെന്ന് ഭാര്യ ഹവ്വയും അമ്മാവന് സാലിം ഹാജിയും ജൂലൈ 31ന് പൊന്നാനി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ആഗസ്റ്റ് 16ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ പുരോഗതിയൊന്നും കാണാത്തിനാല്‍ 1996 ആഗസ്റ്റ് രണ്ടിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."