ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാവുക: ആലിക്കുട്ടി മുസ്ലിയാര്
മലപ്പുറം: പ്രളയവും ഉരുള്‍പൊട്ടലും കാരണം വീടും കുടുംബവും നഷ്ടപ്പെട്ടവരും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുമായ സഹോദരങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അഭ്യര്‍ഥിച്ചു. പോത്തുകല്ല് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ആലിക്കുട്ടി മുസ്ലിയാര്.
പരസ്പര സ്നേഹവും കാരുണ്യവും കൈമാറുകയെന്ന വലിയൊരു ഉത്തരവാദിത്വമാണ് മാനുഷികമായി നിര്‍വഹിക്കാനുള്ളത്. പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം കൈത്താങ്ങായി സമസ്ത നിലകൊള്ളും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാനും ക്യാംപുകളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസത്തിനും സമസ്ത പ്രവര്‍ത്തകര്‍ കൂട്ടിനുണ്ടാവും. സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളും ഇക്കാര്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും.
എല്ലാം മറന്ന് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ അധ്വാനിക്കുന്ന കേരളത്തിലെ യുവാക്കളുള്‍പ്പെടെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിസ്വാര്‍ഥമായും സമര്‍പ്പണ മനസുമായും സേവനം ചെയ്യാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കവളപ്പാറയിലും മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത ലീഗല്‍ സെല്‍ വൈസ് ചെയര്മാന് കുഞ്ഞിമോന് ഹാജി വാണിയമ്പലം എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."