ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞു കെസിയ, ഒപ്പം മുന്നൂറോളം പേരും...
ഹരിപ്പാട്: കെസിയയ്ക്ക് പ്രായം ഒന്‍പത് മാസം മാത്രം. ഇത്രയും വലിയ ആള്‍ക്കൂട്ടം അവള്‍ ആദ്യമായാണ് കാണുന്നത്. ദുരിതാശ്വാസ ക്യാംപിലെ സിമന്റ് ബെഞ്ചില്‍ കിടക്കുമ്പോള്‍ ആളും ബഹളവും കാണുന്നതിന്റെ അങ്കലാപ്പിലാണവള്‍. തണുത്ത കാറ്റടിക്കുമ്പോള്‍ മാതാവ്, ഏലിയാമ്മ അവളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കും. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ എന്‍.ടി.പി.സി.യുടെ പമ്പ് ഹൗസിലെ കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാംപിലെ കാഴ്ചയാണിത്. അച്ചന്‍കോവിലാറ് കരകവിഞ്ഞ് വീട്ടില്‍ വെള്ളം കയറിയ മുന്നൂറോളം പേര്‍ ഈ ക്യാംപിലാണ്.
കുഞ്ഞു കെസിയയുടെ വീട് ആറിന്റെ അക്കരെയാണ്. രണ്ട് ദിവസമായി വീട്ടില്‍ വെള്ളം ഉയരുകയാണ്. ക്യാംപിലേക്ക് മാറാതെ പിടിച്ചുനില്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചതാണ്. കഴിയില്ലെന്ന് ഉറപ്പായപ്പോള്‍, തിങ്കളാഴ്ച ഉച്ചയോടെ ഏലിയാമ്മ കെസിയയുമായി കൊച്ചുതോണിയില്‍ ആറുകടന്നുവന്നതാണ്.
സമയം വൈകിട്ട് അഞ്ചു മണിയോടടുക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ഒപ്പം നല്ല മഴയും. ക്യാംപില്‍ ഉച്ചഭക്ഷണം തയാറാകുന്നതേയുള്ളൂ. ചോറും തോരനും സാമ്പാറുമാണ്. വില്ലേജ് ഓഫിസില്‍ നിന്നും അരിയും പച്ചക്കറിയും വാങ്ങാനുള്ള അനുമതി രാവിലെ തന്നെ കിട്ടിയിരുന്നു. എട്ട് കിലോമീറ്റര്‍ അകലെ ഹരിപ്പാട് ഡാണാപ്പടിയിലെ ഹോര്‍ട്ടിക്രോപ്പ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് പച്ചക്കറി വാങ്ങേണ്ടത്. അരിയാണെങ്കില്‍ രണ്ട് കിലോമീറ്റര്‍ മാറി മുട്ടത്തെ കടയില്‍ നിന്നും.സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്കൂലിക്കുപോലും ബുദ്ധിമുട്ടാണ്. ക്യാംപിലുള്ളവര്‍ ചേര്‍ന്ന് തുക ഒപ്പിച്ച് അരിയും പച്ചക്കറിയും എത്തിച്ചപ്പോഴേക്കും ഏറെ വൈകി. ഇതിനിടെആധാര്‍ നമ്പരും റേഷന്‍കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പട്ട് റവന്യൂ ഉദ്യോഗസ്ഥരെത്തി. ഇതോടെ പലരും, കഴുത്തൊപ്പം വെള്ളം നീന്തി വീടുകളിലേക്ക് മടങ്ങി. വെള്ളം കയറിയ വീടുകളുടെ മേല്‍ക്കൂരയില്‍ സുരക്ഷിതമായി വച്ചിരിക്കുന്ന രേഖകളെടുക്കാന്‍. ഇതോടെയാണ് ഉച്ചഭക്ഷണം തയാറാക്കാന്‍ വൈകിപ്പോയത്.
നാലുകെട്ടും കവലയില്‍ എന്‍.ടി.പി.സി.യുടെ പമ്പ് ഹൗസ് മണ്ണിട്ടുയര്‍ത്തിയ സ്ഥലത്താണ്. ഇവിടെ വെള്ളം കയറില്ല. അച്ചന്‍കോവിലാറ് കരകവിയുമ്പോള്‍ നാട്ടുകാര്‍ ഇവിടേക്ക് മാറുകയാണ് പതിവ്. വശങ്ങള്‍ കെട്ടിമറയ്ക്കാത്ത കെട്ടിടമാണ് ഇവിടെയുള്ളത്. രാത്രി മുതിര്‍ന്നവര്‍ വെള്ളംകയറിയ വീടുകളിലേക്ക് മടങ്ങും. പക്ഷേ, കുഞ്ഞുങ്ങളെ ഇവിടെതന്നെ നിര്‍ത്തേണ്ടിവരും. ഒപ്പം അമ്മമാരും. എത്രനാള്‍ ഇങ്ങനെ കഴിയേണ്ടിവരുമെന്ന ആശങ്കയോടെയാണ് കെസിയയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."