ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ നവീകരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ നവീകരിക്കുന്നു. കേരളത്തിലെ 15ഉം ചെന്നൈ, കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുമാണ് നവീകരിക്കുന്നത്.
നവീകരിച്ച ആദ്യ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഏഴ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ ഇന്നലെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മറ്റു സ്ഥലങ്ങളിലെ കേന്ദ്രങ്ങള്‍ ഇക്കൊല്ലം തന്നെ പ്രവര്‍ത്തനസജ്ജമാക്കും.
ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ നവീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ടൂറിസം ഐച്ഛിക വിഷയമായി പഠിച്ച യുവജനങ്ങള്‍ക്ക് താല്കാലിക ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നുണ്ട്. 50 പേരെ തെരഞ്ഞെടുത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) പരിശീലനം നല്കി ടൂറിസം വകുപ്പിനുകീഴില്‍ സംസ്ഥാനത്തിനുള്ളിലും പുറത്തും പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ ട്രെയിനികളായി ഇതിനോടകം നിയമിച്ചതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."