ട്രോളിങ് നിരോധനം കഴിഞ്ഞു; ആരവങ്ങളുയര്‍ത്തി ആദ്യദിനം
കൊല്ലം: ട്രോളിങ് നിരോധനത്തിനു ശേഷമുള്ള ആദ്യദിനത്തില്‍ കടലില്‍പോയ ബോട്ടുകള്‍ക്കു വല നിറച്ചും മീന്‍ ലഭിച്ചു. ആദ്യദിനം തീരങ്ങളില്‍ ആഹ്ലാദാരവങ്ങളുയര്‍ത്തി.
ഇന്നലെ കടലില്‍ പോയ ബോട്ടുകള്‍ക്ക് കരിക്കാടി കൊഞ്ചിന്റെ ചാകരയായിരുന്നു. ചില ബോട്ടുകള്‍ക്ക് കഴന്തന്‍ ഇനത്തില്‍പ്പെട്ട കൊഞ്ചും ലഭിച്ചു. കരിക്കാടി കൊഞ്ചിന് ഒരു കുട്ടയ്ക്ക് 2500 മുതല്‍ 3000 രൂപ വരെയായിരുന്നു നീണ്ടകര ഹാര്‍ബറില്‍ വില. കഴന്തന് 3500 രൂപയ്ക്ക് മുകളില്‍ ലഭിച്ചു. സാധാരണ നിലയില്‍ ചെറിയ കരിക്കാടിയാണ് ആദ്യദിനങ്ങളില്‍ ലഭിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ ലഭിച്ചതിലേറെയും വലിയ കരിക്കാടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിലയില്‍ നേരിയ കുറവുണ്ട്. ആദ്യം വന്ന ബോട്ടുകളിലെ വലിയ കരിക്കാടിയുടെ വരവ് തുടരുമെന്ന പ്രതീക്ഷ വ്യാപാരികളില്‍ ഉണ്ടായതായാണ് വിലവര്‍ധനവ് ഉണ്ടാകാതിരിക്കാന്‍ കാരണം. കഴന്തന്റെ വരവ് ഒരാഴ്ച കൂടി നീണ്ടുപോകാനാണ് സാധ്യത. ഇങ്ങനെയുണ്ടായാല്‍ വിലവര്‍ധനവു തൊഴിലാളികള്‍ക്കു നേട്ടമാകും.
നീണ്ടകരയുടെ വടക്ക് ദിക്കിലേക്ക് പോയ ചിലബോട്ടുകള്‍ക്ക് ചെറിയ അളവില്‍ കിളിമീന്‍ ലഭിച്ചു. ഈ ബോട്ടുകള്‍ കായംകുളത്തും അഴീക്കലിലുമായി അടുപ്പിച്ച് വില്‍പ്പന നടത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു കുട്ടയ്ക്ക് 10,000 രൂപ വരെ ഇവിടെ വില ലഭിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ ചിലത് ഇന്ന് കര്‍ക്കിടക വാവായതിനാല്‍ പുലര്‍ച്ചയോടെ തീരത്തെത്തിയേക്കും. ബോട്ടുകള്‍ കൂട്ടത്തോടെ എത്തുന്നത് മല്‍സ്യവില ഇടിയുന്നതിന് കാരണമാകുമെന്നു തൊഴിലാളികള്‍ പറയുന്നു. ഇത് കണക്കിലെടുത്ത് മല്‍സ്യങ്ങള്‍ അടുത്തടുത്ത ദിവസങ്ങളിലായി ഹാര്‍ബറില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ബോട്ടുടമകള്‍. ഇന്നലെ അഞ്ചു ലക്ഷം രൂപ വരെ കിളിമീന്‍ ലഭിച്ച ചില ബോട്ടുളുണ്ടായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മല്‍സ്യലഭ്യതയിലും വിലയിലും ചെറിയ കുറവുണ്ടെങ്കിലും വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ബോട്ടുകാര്‍ പറയുന്നത്.
ഇന്നലെ രാവിലെമുതല്‍ തന്നെ നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ മല്‍സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാരുടെയും തിരക്കായിരുന്നു. ട്രോളിങ് നിരോധനം പിന്‍വലിക്കുന്ന ആദ്യത്തെ ഒരാഴ്ചയോളം ചാകരകൊയ്ത്തുണ്ടാകാറുണ്ട്. കൊഞ്ചുകളോടൊപ്പം കിളിമീന്‍, ചൂര, സ്രാവ് തുടങ്ങിയ മീനുകളാണ് കൂടുതലായി ലഭിക്കുന്നത്.
നീണ്ടകര ഹാര്‍ബറില്‍ കാല്‍ഭാഗം ബോട്ടുകള്‍ മാത്രമാണ് തിരികെയെത്തിയത്. ബാക്കിയുള്ള ബോട്ടുകള്‍ ഇന്നായിരിക്കും തീരത്തെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."