വര്‍ക്‌ഷോപ്പിന്റെ മറവില്‍ മദ്യവില്‍പന; ഒരാള്‍ പിടിയില്‍
വണ്ടൂര്‍: ഓട്ടോറിക്ഷാ വര്‍ക്‌ഷോപ്പിന്റെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. അഞ്ചു ലിറ്റര്‍ വിദേശമദ്യവും കടയില്‍നിന്നു പിടികൂടി. വണ്ടൂര്‍ കോട്ടകുന്ന് മുളയന്‍കാവില്‍ അബ്ദുല്‍ ജലീലി (44) നെയാണ് മദ്യവില്‍പനയ്ക്കിടെ പൊലിസ് പിടികൂടിയത്.
വണ്ടൂര്‍-മഞ്ചേരി റോഡിലെ കരുണാലയപടിയില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന ജലീല്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലിസ് കടയില്‍ പരിശോധന നടത്തിയതും മദ്യം പിടികൂടിയതും. ഇയാള്‍ മലപ്പുറം ബിവറേജസില്‍നിന്നു മദ്യം ഒന്നിച്ചു വാങ്ങാറാണ് പതിവ്. പിന്നീട് ഫോണ്‍ മുഖാന്തിരമാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുക. 500 മില്ലി വരുന്ന കുപ്പിക്ക് 450 മുതല്‍ 550 രൂപവരെ വില ഈടാക്കിയാണ് വില്‍പന. സമീപപ്രദേശങ്ങളിലെല്ലാം മദ്യശാലകള്‍ അടച്ചതിനാല്‍ നല്ല കച്ചവടമായിരുന്നു കടയില്‍.
വില്‍പന ഫോണ്‍ മുഖാന്തിരമായതിനാലും വര്‍ക്‌ഷോപ്പിന്റെ മറവിലായതിനാലും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എസ്.ഐ പി. ചന്ദ്രന്‍, അനീഷ് ചാക്കോ, സി.ഐ നാരായണന്‍, കെ.ടി ശംസുദ്ദീന്‍, ശ്യാം കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."