യുവതിയുടെ വീട്ടില്‍ മോഷണം; പൊലിസിന്റെ പിടിയിലായത് സഹോദരനും സുഹൃത്തും
വണ്ടൂര്‍: സഹോദരിയുടെ വീട്ടില്‍നിന്നു സ്വര്‍ണവും പണവും മോഷ്ടിച്ച സഹോദരനും സുഹൃത്തും അറസ്റ്റില്‍. എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ് (22), സുഹൃത്ത് കളരിക്കല്‍ രോഹിത്ത് (20) എന്നിവരാണ് വണ്ടൂര്‍ പൊലിസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് എറിയാട് പള്ളിപടിയിലുള്ള കുറുപറമ്മേല്‍ ഷെമീറയുടെ വീട്ടില്‍ മോഷണം നടന്നത്.
ഷെമീറയും മാതാവും മക്കളുമാണ് വീട്ടില്‍ താമസം. സംഭവദിവസം ഷെമീറ ജോലിക്കു പോയിരുന്നു. വീട്ടിലുണ്ടായിരുന്ന ഇവരുടെ മാതാവിനെ സൂത്രത്തില്‍ വീട്ടില്‍നിന്നു മാറ്റിയായിരുന്നു മോഷണം. സ്‌ക്രൂഡ്രൈവറുപയോഗിച്ചു വീടിന്റെ വാതിലും സ്വര്‍ണവും പണവും വച്ചിരുന്ന അലമാരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടര പവന്‍ സ്വര്‍ണവും പതിനാലായിരത്തോളം രൂപയുമാണ് കവര്‍ന്നത്. തുടര്‍ന്നു വീട്ടിനുള്ളിലെ സാധങ്ങളെല്ലാം വാരിവലിച്ചിട്ടു മുളകുപൊടി വിതറി രണ്ടുപേരും പോയി.
മാതാവ് തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ റാഷിദിനെ വിവരമറിയിച്ചപ്പോള്‍ ഇയാള്‍ തന്നെയാണ് പൊലിസിനെ വിളിച്ചത്. എന്നാല്‍, സ്വര്‍ണവും പണവുമെല്ലാം വീട്ടില്‍ തന്നെയാണോ വയ്ക്കാറുള്ളതെന്നു മുന്‍പു റാഷിദ് അന്വേഷിച്ചതായി ഷെമീറ മൊഴി നല്‍കിയതാണ് വഴിത്തിരിവായത്.
തുടര്‍ന്നാണ് ഇരുവരെയും പൊലിസ് ചോദ്യം ചെയ്തത്. വണ്ടൂര്‍ പുല്ലുപറമ്പിലെ വാടകവീട്ടിലായിരുന്നു തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. സ്റ്റീരിയോ ബോക്‌സിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ച നിയിലായിരുന്നു ഇവ. റാഷിദ് മുന്‍പും മോഷണക്കേസില്‍ പിടിയിലായിരുന്നു.
വണ്ടൂര്‍ എസ്.ഐ പി. ചന്ദ്രന്‍, സി.പി.ഒമാരായ മധു കുര്യാക്കോസ്, പി. വിനയദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."