ഇത് നിത്യശാന്തി തേടി സക്കീന വിരിച്ച മുസ്വല്ല
മലപ്പുറം: നിസ്‌കാരപ്പായയില്‍നിന്നു ശാന്തിയുടെ പറുദീസതേടി സക്കീനക്കു ഒരുനാടിന്റെ അന്ത്യയാത്ര. കവളപ്പാറയിലെ വീട്ടകത്ത് അവര്‍ വിരിച്ചുവച്ച മുസ്വല്ലയാണ് കഴിഞ്ഞദിവസം ദുരന്തം നടന്ന മണ്ണില്‍ നിന്നും കണ്ടെടുത്തത്. അതിനു പിന്നാലെ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു ചരിത്രമായി സക്കീനയുടെ ഭൗതികശരീരവും.
നോവുന്ന കാഴ്ചയായ കവളപ്പാറയിലെ വീട്ടകത്ത് ആ ഇശാ-മഅ്‌രിബ് നിസ്‌കാരങ്ങള്‍ക്കിടെ ഈ നാല്‍പത്തിയഞ്ചുകാരി മുസ്വല്ല വിരിച്ചു ഇരിപ്പായിരുന്നു; നിസ്‌കാരക്കുപ്പായവുമണിഞ്ഞ്. ശക്തമായ മഴയില്‍ വെള്ളം കയറിത്തുടങ്ങിയതോടെ വൈകിട്ടു തന്നെ, വീട്ടില്‍ പ്രസവിച്ചു കിടക്കുന്ന ഇവരുടെ മകളെ അടുത്തുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കറവപ്പശുവിനെയും തൊഴുത്തില്‍നിന്നു മാറ്റിക്കെട്ടി. ഭര്‍ത്താവ് അബ്ദുല്‍കരീമുമുണ്ട് കൂട്ടിന്. ഇശാഅ് നിസ്‌കാരത്തിനു ബാങ്ക് വിളിക്കാനുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതുകഴിഞ്ഞു നിസ്‌കരിച്ചു വീടുമാറണം. മുസ്വല്ലയിലിരുന്നു ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും മുഴുകിയിരിക്കുകയായിരുന്നു ഇവര്‍.
ഇതിനിടെ വീടിനുപുറംഭാഗത്തുനിന്നു ശബ്ദം കേട്ടാണ് സക്കീനയും ഭര്‍ത്താവും ടോര്‍ച്ചെടുത്തു പുറത്തിറങ്ങി നോക്കിയത്. അപ്പോഴേക്കും ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. ശക്തമായ വെള്ളത്തില്‍ കുത്തിയൊലിച്ച അബ്ദുല്‍കരീം അടുത്ത വീടിനു സമീപത്തേക്കു തെറിച്ചു. അവിടെനിന്നും കരീമിനെ മറ്റുളളവര്‍ കരകയറ്റി. അപ്പോഴേക്കും സക്കീന മണ്ണില്‍ മറഞ്ഞുപോയിരുന്നു. മഴവെള്ളം കണ്ടു കരീമിന്റെ വീട്ടില്‍ തങ്ങിയ മറ്റൊരു സമീപവാസിയും ഇവിടെനിന്നും ഒലിച്ചുപോയി. വീടുനിന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ആദ്യം സക്കീനയുടെ മുസ്വല്ല കണ്ടെത്തിയത്. അവിടെ തന്നെ വീണ്ടും തിരഞ്ഞതോടെയാണ് ഇന്നലെ സക്കീനയുടെ മൃതദേഹവും കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."