വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചു നല്‍കി സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം
വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നിരയൊരുക്കി വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം. സുരക്ഷിതത്വമില്ലാത്ത കൂരയില്‍ ദുരിത ജീവിതം നയിച്ചിരുന്ന സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് ആറുലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച 700 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ താക്കോല്‍ ദാനം നാളെ നടക്കുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക സി.ജെ ലില്ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ഏഴ് മാസം പ്രായമുള്ള സഹോദരിയുടെ ചികിത്സക്ക് 35,000 രൂപ, മരണമടഞ്ഞ സ്‌കൂള്‍ പാചക തൊഴിലാളിയുടെ കുടുംബത്തിന് 25,000 നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ചികിത്സാ ചെലവിലേക്ക് 20,000 എന്നിങ്ങനെ നല്‍കാനും കഴിഞ്ഞു.
വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സര്‍ഗസംഗമം രചനാ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച നൂറ് കയ്യെഴുത്ത് മാഗസിന്റെ പ്രകാശനം, നേത്ര പരിശോധന ക്യാംപ് , ശതാബ്ദി സോവനിയര്‍ എന്നിവയാണ് ശതാബ്ദിയോടനുബന്ധിച്ചുള്ള മറ്റ് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും പ്രധാന അധ്യാപിക അറിയിച്ചു.
നാളെ ഉച്ചതിരിഞ്ഞ് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ വീടിന്റെ താക്കോല്‍ കൈമാറും. സോവനിയര്‍ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് നിര്‍വഹിക്കും.
സ്‌കൂള്‍ മാനേജര്‍ ഫാ. തോബിയാസ് ചാലക്കല്‍ ചടങ്ങില്‍ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ശതാബ്ദി കോഡിനേറ്റര്‍ പി.ജെ ബൈജു, അധ്യാപകന്‍ സി.എം ജലീല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."