പ്രളയ സഹായത്തോട് മുഖംതിരിച്ച് ഡല്‍ഹി കേരള ഹൗസ്
ന്യൂഡല്‍ഹി: പ്രളയം തുടങ്ങി ദിവസങ്ങളായിട്ടും സഹായം സ്വീകരിക്കാന്‍ സൗകര്യമൊരുക്കാത്ത ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ക്കെതിരേ വിമര്‍ശനം.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേരള ഹൗസില്‍ ഇന്നലെ ഇതിനായി കൗണ്ടര്‍ തുറന്നെങ്കിലും ഇവിടെ അവശ്യവസ്തുക്കള്‍ സ്വീകരിക്കില്ലെന്നും ചെക്കും ഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സ്വീകരിക്കുവെന്നുമാണ് കേരള ഹൗസ് അധികൃതരുടെ നിലപാട്.
ഡല്‍ഹിയില്‍ സന്നദ്ധസംഘടനകളും എയിംസ് പോലുള്ള സ്ഥാപനങ്ങളും കേരളത്തിനായി സഹായിക്കാന്‍ നേരത്തെ തന്നെ മുന്നോട്ടുവരികയും ഡല്‍ഹിയിലെ പള്ളികളില്‍ കേരളത്തിനായി ധനസമാഹരണം നടക്കുകയും ചെയ്തിട്ടും കേരള ഹൗസ് ഇതിനായി ഒരു സൗകര്യവും ഒരുക്കിയിരുന്നില്ല. ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം കൗണ്ടര്‍ തുറക്കുന്നതായി പ്രഖ്യാപിക്കുകയായായിരുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡോ. എ. സമ്പത്ത് കേരള ഹൗസില്‍ ചുമതലയേറ്റെടുക്കുന്നതിന് അനുബന്ധിച്ചായിരുന്നു കൗണ്ടര്‍ തുറന്നത്.
ഇന്നലെ സമ്പത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. സാധനങ്ങള്‍ നാട്ടിലേക്കെത്തിക്കാനുള്ള കാലതാമസമുള്ളത് കൊണ്ടാണ് ഇത്തവണ സാധനങ്ങള്‍ സ്വീകരിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയമായപ്പോഴേക്കും 1,567 അധികം ടണ്‍ സാമഗ്രികളായിരുന്നു പ്രത്യേക ട്രെയിനുകളിലും മറ്റുമായി ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് അയച്ചത്.
പിന്നാലെ ആയിരക്കണക്കിന് ടണ്‍ സാമഗ്രികള്‍ കേരളത്തിലേക്ക് എത്തിച്ചു. ഡല്‍ഹിയിലെ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവര്‍ സഹായമെത്തിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."