മുഹമ്മദിന്റെ തേങ്ങല്‍ കേട്ട് അവരെത്തി; ചേര്‍ത്തുനിര്‍ത്തി പറഞ്ഞു ഞങ്ങളുണ്ട് കൂടെ
മേപ്പാടി (വയനാട്): പ്രളയം ഏറെ നാശം വിതച്ച ജില്ലകളിലൊന്നായ വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ ഭാവി എന്താകുമെന്ന് ഇനിയും ബോധ്യമായിട്ടില്ല. ദുതിതാശ്വാസ ക്യാംപുകളില്‍നിന്ന് തിരിച്ചുപോയാല്‍ കയറിച്ചെല്ലാന്‍ ഒരു കൂരപോലുമില്ലാത്ത നിരവധി പേരാണ് ഇവിടെയുള്ളത്. പ്രകൃതി തങ്ങള്‍ക്ക് നേരെ ഇത്രത്തോളം രൗദ്രത പുറത്തെടുത്തതിന്റെ ആഘാതം ഇനിയും ഇവരെയൊന്നും വിട്ടുമാറിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കുമേല്‍ കനല്‍മഴയായി ദുരിതം പെയ്തിറങ്ങിയ അനേകര്ക്കിടയിലാണ് ആ ഉള്ളുലയ്ക്കുന്ന തേങ്ങല്‍ മേപ്പാടി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍നിന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ ആകെയുണ്ടായിരുന്ന 20 സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട കിളിയന്‍കുന്നത്ത് മുഹമ്മദി (55) ന്റെ നിലവിളിയായിരുന്നു അത്.
എന്നാല്‍ നന്മവറ്റാത്ത ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഇന്നലെ മുഹമ്മദിന്റേയും കുടുംബത്തിന്റേയും അടുത്തെത്തി ചേര്‍ത്തുപിടിച്ച് പറഞ്ഞു:
''നിങ്ങള്‍ക്ക് ഒന്നും നഷ്ടമാവില്ല, താമസിക്കാനുള്ള വീട് ഞങ്ങള്‍ നിര്‍മിച്ചു നല്‍കാം''. കണ്ണുനീരോടെ കേട്ടുനില്ക്കാനല്ലാതെ മുഹമ്മദിനും ഭാര്യക്കും മകള്‍ക്കും മറുപടി പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. കോഴിക്കോട്ട് ഹൈലൈറ്റ് സിറ്റിയിലെ അല്‍ ഹംറ കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരുമാണ് മുഹമ്മദ് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വീട് നിര്‍മിച്ച് നല്കാന് സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്.
കോളജിലെ വിദ്യാര്‍ഥിനികളായ റാണ റസ്ലാനയും ഹിബയും റഹീനയും ഹുദയും ഉള്‍പ്പെട്ട 11 അംഗ സംഘമാണ് ഇന്നലെ മുഹമ്മദിനെയും കുടുംബത്തിനെയും കാണാന്‍ ദുരിതാശ്വാസ ക്യാംപിലെത്തിയത്. കോളജിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.
ദുരിതബാധിതരായ പതിനായിരങ്ങള്‍ക്ക് ഇവര്‍ ഭക്ഷണ വിതരണവും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."