തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തിന് ഇനി അടുക്കും ചിട്ടയും; ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ വരുന്നു
ചെറുവത്തൂര്‍: തര്‍ക്കങ്ങളും അനഭലഷണീയമായ പ്രവണതകളും ഒഴിവാക്കാന്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നടത്തിപ്പിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിലവില്‍ വരുന്നു. അടിക്കടി പ്രശ്‌നങ്ങളും പരാതികളും ഉയരുന്ന മടക്കര പോലുള്ള തുറമുഖങ്ങളില്‍ പുതിയ സംവിധാനം ഏറെ മാറ്റങ്ങള്‍ വരുത്തും. മത്സ്യബന്ധന തുറമുഖങ്ങളുടെ നടത്തിപ്പും പരിപാലനവും നിരീക്ഷണവും കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൊസൈറ്റി രൂപീകരിക്കുന്നത്.
കലക്ടര്‍ ചെയര്‍മാനും ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ വൈസ് ചെയര്‍മാനുമായുള്ള ഹാര്‍ബര്‍ മാനേജ്‌മെന്റ് സൈാസൈറ്റിയാണ് രൂപീകരിക്കുക. ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍, പോര്‍ട്ട് ഓഫിസര്‍, ഭക്ഷ്യ സുരക്ഷ അസി. കമ്മിഷണര്‍, ഡി.എം.ഒ, ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, എം.പി.ഇ.ഡി പ്രതിനിധി, പ്രദേശത്തെ മത്സ്യഗ്രാമങ്ങളില്‍നിന്നു ജില്ലാപഞ്ചായത്ത്, വാര്‍ഡ് കൗസലര്‍മാര്‍ എന്നിവരില്‍നിന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരാള്‍, അതതു ഹാര്‍ബറിലെ യഥാര്‍ഥ മത്സ്യത്തൊഴിലാളികളുടെയും അംഗീകൃത ട്രേഡ് യൂനിയനുകളില്‍നിന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അഞ്ചുപേര്‍, പ്രദേശത്തെ യന്ത്രവല്‍കൃത യാന ഉടമകളില്‍ നിന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിവരടങ്ങുന്ന 16 അംഗ കമ്മിറ്റിയായിരിക്കും മാനേജ്‌മെന്റ് സൊസൈറ്റിയില്‍ ഉണ്ടാവുക.
ഇതില്‍ നിന്നു കലക്ടര്‍ ചെയര്‍മാനും ഫിഷറിസ് ഡെപ്യുട്ടി ഡയറക്ടര്‍ സെക്രട്ടറിയുമായുള്ള ഏഴ് അംഗങ്ങളുള്ള മാനേജ്‌മെന്റ് എക്‌സിക്യുട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. ഈ കമ്മിറ്റി സൊസൈറ്റിയുടെ ദൈനംദിന ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കും. സൊസൈറ്റി രൂപീകരിക്കുന്നതോടെ ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. മടക്കര ഉള്‍പ്പെടെയുള്ള ചില ഹാര്‍ബറുകളില്‍ പ്രാദേശികമായി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഡവലപ്‌മെന്റ് കമ്മിറ്റികള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഈ സൊസൈറ്റി നിലവില്‍ വരുന്നതോടെ ഇല്ലാതാകും. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കാനുള്ള ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച് കഴിഞ്ഞു.
പ്രധാന ചുമതലകള്‍
തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക,
മത്സ്യലേലം, വില്‍പന എന്നിവയില്‍ സുതാര്യത ഉറപ്പുവരുത്തുക
വിതരണം ചെയ്യുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക
തുറമുഖങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക
തൊഴിലാളികള്‍ക്ക് സ്വതന്ത്രമായും ന്യായമായും വില്‍പന നടത്തുവാനുള്ള അവസരങ്ങള്‍ ഒരുക്കുക
തുറമുഖങ്ങളില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."