ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ: 18,126 പേര്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കി
മഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയില്‍ ജില്ലയില്‍ 18,126 പേര്‍ക്ക് ആരോഗ്യ കാര്‍ഡ് വിതരണംചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായി നിയമലംഘനം നടക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയില്‍ അംഗമായ തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍നിന്നും വര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും. ഇതിന് തൊഴിലാളിക്കോ തൊഴിലുടമക്കോ ഒരു ബാധ്യതയുമില്ലായെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. തൊഴിലാളികളുടെ കൃത്യമായ വിവരം ഇതിലൂടെ ശേഖരിക്കാനാകും. വിവിധയിടങ്ങളിലായി ജില്ലയില്‍ 30,000 ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതായാണ് കണക്ക്. തൊഴില്‍തേടിയെത്തുന്നവരില്‍ തിരിച്ചറിയല്‍ രേഖയുള്ള എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ആധാര്‍, വോട്ടര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതിയാകും.
ഇതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും നടക്കുന്നുണ്ട്.
തൊഴില്‍ വകുപ്പിന്റെ സെര്‍വറില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ പൊലിസുമായും പങ്കുവയ്ക്കും.
കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അനുഗ്രഹമാവുകയാണ്. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് ക്ഷേമപദ്ധതിയില്‍ ചേര്‍ക്കുകയും തൊഴില്‍സുരക്ഷ, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം.
തൊഴില്‍ രംഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."