ചെല്‍സിയെ തരിപ്പണമാക്കി യുനൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. അവസാന സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാതെ മടങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശുഭ സൂചനയുമായിട്ടാണ് തുടങ്ങിയത്.
ആദ്യ മത്സരത്തില്‍ തന്നെ ചെല്‍സിയെ എതിരില്ലാത്ത നാലു ഗോളിനാണ് യുനൈറ്റഡ് തകര്‍ത്തെറിഞ്ഞത്. കഴിഞ്ഞ സീസണില്‍ പ്രതിരോധത്തില്‍ കാര്യമായ പ്രശ്‌നം യുനൈറ്റഡിനുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചായിരുന്നു ആദ്യ മത്സരത്തില്‍ യുനൈറ്റഡ് ഇറങ്ങിയത്. പ്രതിരോധത്തില്‍ റെക്കോര്‍ഡ് തുകക്ക് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് എത്തിച്ച ഹാരി മഗൗര്‍, ക്രിസ്റ്റല്‍ പാലസില്‍ നിന്ന് എത്തിച്ച വാന്‍ ബിസാക്ക എന്നിവരുടെ കരുത്തില്‍ യുനൈറ്റഡ് മികച്ച പ്രതിരോധം തീര്‍ത്തു. ആദ്യ മത്സരത്തില്‍ മിഗൗര് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
18-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്ക് റാഷ്‌ഫോര്‍ഡാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ യുനൈറ്റഡ് ഒരു ഗോളിന്റെ ലീഡുമായി മുന്നിട്ട് നിന്നു. ചെല്‍സി മുന്നേറ്റനിര കൃത്യമായ ഇടവേളകളില്‍ യുനൈറ്റഡിന്റെ ബോക്‌സിലെത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഡിഗിയയും പ്രതിരോധവും ശക്തമായി നിന്നതോടെ ചെല്‍സിയുടെ ഓരോ ഗോള്‍ ശ്രമങ്ങളും പരാജയപ്പെട്ടു.
18 ഷോട്ടുകളാണ് ചെല്‍സി മുന്നേറ്റനിര തൊടുത്തു വിട്ടത്. എന്നാല്‍ ഇതില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. 65-ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. അധികം വൈകാതെ 67-ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡിന്റെ രണ്ടാം ഗോളും യുനൈറ്റഡിന്റെ മൂന്നാം ഗോളും പിറന്നു.
81-ാം മിനുട്ടില്‍ സ്വാന്‍സി സിറ്റിയില്‍ നിന്ന് ലോണില്‍ എത്തിയ ഡാനിയല്‍ ജെയിംസിന്റെ വകയായിരുന്നു നാലാം ഗോള്‍. ഇതോടെ ചെല്‍സിയുടെ പതനം പൂര്‍ത്തിയാവുകയും ചെയ്തു. ചെല്‍സിക്ക് ഗോള്‍ വീണു കൊണ്ടിരുന്നപ്പോള്‍ ബെഞ്ചിലുണ്ടായിരുന്ന ഒലിവര്‍ ജിറൂദ്, ക്രിസ്റ്റ്യന്‍ പുള്‍സിച്ച്, ങ്കോളോ കാന്റെ എന്നിവരെ കളത്തിലിറക്കിയെങ്കിലും രക്ഷയുണ്ടായില്ല. സാരിക്ക് ശേഷം പരിശീലകനായി എത്തിയ ഫ്രാങ്ക് ലംപാര്‍ഡിന്റെ കീഴില്‍ ടീമിന് ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മറ്റൊരു മത്സരത്തിതല്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സനല്‍ ന്യൂ കാസില്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. 58-ാം മിനുട്ടില്‍ ഒബമയോങ്ങാണ് ആഴ്‌സനലിന്റെ വിജയ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."