പരിസ്ഥിതി സംരക്ഷണ നിയമം പേരിലൊതുങ്ങി; തണല്‍ മരങ്ങള്‍ മുറിക്കല്‍ വ്യാപകമാകുന്നു
പാലക്കാട്: സര്‍ക്കാര്‍ ഉത്തരവിനു പുല്ലുവില നല്‍കി വഴിയോര തണല്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത് വ്യാപകമാകുന്നു. ഇടക്കാലത്ത് റോഡരികിലെ മരത്തിന്റെ ശിഖരമൊടിഞ്ഞുവീണ് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് വഴിയോരങ്ങളിലെ തണല്‍മരങ്ങളിലെ അപകടകരമായ ശിഖരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിന്റെ മറവിലാണ് റോഡോരത്തെ മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തുന്നത്.
സര്‍ക്കാര്‍ ഉത്തരവു മറയാക്കി ദേശീയ-സംസ്ഥാന പാതയോരങ്ങളിലേ കൂറ്റന്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നതിനു പിന്നില്‍ വന്‍കിട മരം ലോബികളാണെന്നാണ് പറയുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ വികസനത്തിനു വേണ്ടി മുറിച്ചു മാറ്റാനൊരുങ്ങിയ മരങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകരിടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെട്ട മരങ്ങള്‍ വീണ്ടും സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുറിച്ചു മാറ്റിയ നിലയിലാണ്.
തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് പരിസ്ഥിതി നിയമലംഘനമാണെന്നറിഞ്ഞിട്ടും ശിഖരങ്ങള്‍ വെട്ടി മാറ്റാനെന്ന പേരിലാണ് വഴിയോര മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.
നഗരത്തില്‍ സിവില്‍ സ്‌റ്റേഷനു സമീപത്തും ചന്ദ്രനഗറിലും, ജില്ലാ ആശുപത്രി വളവിലും കൂറ്റന്‍ മരങ്ങളാണ് അടുത്തിടെ മുറിച്ചു മാറ്റിയത്. കോട്ടമൈതാനത്തെ പാര്‍ക്കിനു മുന്നിലെ കൂറ്റന്‍ മരം മുറിച്ചു മാറ്റുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരിടപെട്ടതിനെ തുടര്‍ന്ന് ശ്രമം വിഫലമാവുകയായിരുന്നു.
വര്‍ഷാവര്‍ഷം പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ടങ്കിലും ഇത്തരത്തില്‍ നടുന്ന തൈകളെപ്പറ്റി ആരും ബോധവാന്മാരല്ല. എന്നാല്‍ വഴിയോര തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇത്തരത്തില്‍ തണല്‍ മരങ്ങള്‍ വ്യാപകമായി നശിപ്പിക്കാന്‍ കാരണമാവുന്നത്.
സര്‍ക്കാരിന് തുച്ചമായ പണം നല്‍കിയാണ് മരങ്ങള്‍ മുറിച്ച് കടത്തുന്നത്. എന്നാല്‍ ഇത്തരം ഉത്തരവുകള്‍ നില്‍ക്കുമ്പോഴും മിക്കയിടങ്ങളിലും വഴിയോരങ്ങളിലെ മരങ്ങളില്‍ അപകടകരമായ രീതിയില്‍ റോഡിലേക്ക് മരങ്ങളുടെ ശിഖരങ്ങള്‍ വളര്‍ന്നുനില്‍ക്കുകയാണ്.
പാലക്കാട്-കോട്ടായി റോഡില്‍ പിരായിരി മേഖലയില്‍ നിരവധി മരങ്ങള്‍ ഇപ്പോഴും റോഡിനിരുവശങ്ങളില്‍ വാഹനയാത്രക്കാര്‍ക്കു ഭീതിയായി നില്‍ക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചു വയസുകാരന്‍ മരം വീണു മരിച്ചിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാതെ ഇത്തരം ഉത്തരവുകള്‍ മറയാക്കി പരിസ്ഥിതിക്കുതന്നെ ആഘാതമാവുന്ന തരത്തില്‍ തണല്‍ മരങ്ങള്‍ വന്‍ തോതില്‍ നശിപ്പിക്കുന്നത് തുടരുകയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ യജ്ഞം നടത്തുമ്പോള്‍ ബാക്കിയുളള ദിനങ്ങളില്‍ തണല്‍ മരങ്ങളുടെ അന്തകരാവുകയാണ് വന്‍കിട മരം ലോബികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."