സത്യവിശ്വാസിയുടെ ആയുധമാണ് പ്രാര്‍ഥന
പരിശുദ്ധ റമദാനിലെ ആദ്യത്തെ പത്തുദിനങ്ങള്‍ നമ്മില്‍നിന്ന് വിടപറഞ്ഞിരിക്കുകയാണ്. ശേഷിക്കുന്ന ദിനങ്ങള്‍ പാപമോചനത്തിന്റേയും നരക മുക്തിയുടേതുമാണ്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഇനിയുള്ള നാളുകളില്‍ നാഥനിലേക്ക് അടുക്കുവാന്‍ സമയം കണ്ടെത്തുകയാണ് വേണ്ടത്. നാഥനിലേക്ക് അടുക്കുവാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് പ്രാര്‍ഥന. ഒരു അടിമയിലേക്ക് ഞാന്‍ കൂടുതല്‍ അടുക്കുന്നത് അവന്‍ പ്രാര്‍ഥിക്കുമ്പോഴാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. മറ്റൊരിടത്ത് അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് ചോദിക്കൂ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നാണ്. വിനയത്തോടെ, ഭക്തിയോടെ നിങ്ങള്‍ റബ്ബിനോട് ദുആ ചെയ്യുവിന്‍. അതിനുള്ള ഫലം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് തിരുവചനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. നുഹ്മാനുബ്‌നു ബശീര്‍ (റ) പറയുന്നു. നബി തങ്ങള്‍ പറഞ്ഞു 'പ്രാര്‍ഥനതന്നെയാണ് ഇബാദത്ത്. ആരാധനയുടെ മജ്ജയും പ്രാര്‍ഥന തന്നെയാണ് '.
വിശ്വാസികള്‍ വര്‍ത്തമാനകാലത്ത് ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായി, സാന്താനങ്ങളിലൂടെ, സമ്പത്തിലൂടെ, അതിലുമപ്പുറം നമ്മുടെ രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയവും സാമൂഹ്യവുമായ രംഗങ്ങളിലെ മാറ്റങ്ങള്‍ എല്ലാം തന്നെ പരീക്ഷണത്തിന്റെ ശക്തി വര്‍ധിച്ചു വരികയാണ്.
ഈ സമയങ്ങളില്‍ അക്ഷമരാവാതെ നാഥനിലേക്ക് ഇരുകൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. മനുഷ്യന്‍ തന്റെ നാഥനുമായി ഏറ്റവുമധികം അടുക്കുന്നത് സുജൂദിലാണെന്ന് അബുഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ സുജൂദില്‍ നിങ്ങളുടെ പ്രാര്‍ഥന വര്‍ധിപ്പിക്കുക. ഈ അനുഗ്രഹീത രാവുകളില്‍ പ്രാര്‍ഥന കൊണ്ട് നാം ധന്യമാകണം.
പ്രാര്‍ഥനക്ക് ഉത്തരംകിട്ടുന്ന സ്ഥലങ്ങളും സന്ദര്‍ഭങ്ങളും പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും അവിടെയുള്ള പുണ്യസ്ഥലങ്ങളില്‍ നിന്നും മഹാന്മാരുടെ സാന്നിധ്യത്തില്‍ വെച്ചുള്ള പ്രാര്‍ഥനക്കും പെട്ടെന്ന് ഉത്തരം ലഭിക്കും. ശ്രേഷ്ടമായ ദിവസങ്ങളിലും ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള പുണ്യരാവുകളിലുമുള്ള പ്രാര്‍ത്ഥനയും രാത്രിയുടെ അവസാന യാമങ്ങളിലും ഫറളു നമസ്‌ക്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥനയും പെട്ടെന്ന് ഉത്തരം കിട്ടുന്നവയാണ്. അബുഉമാമ(റ) പറയുന്നു ' നബി തങ്ങളോട് ഒരിക്കല്‍ ചോദിക്കപ്പെട്ടു. അധികം സ്വീകാര്യമായ പ്രാര്‍ഥന ഏതാണ് '. അപ്പോള്‍ അവിടുന്നു പറഞ്ഞു, ' രാത്രിയിലെ അവസാന സമയത്തെ പ്രാര്‍ത്ഥനയും ഫറളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷമുള്ള പ്രാര്‍ത്ഥനയും.' ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ ആമീന്‍ എന്നു പറയുന്ന പ്രാര്‍ഥനയും സ്വീകരിക്കുമെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു.
ദുആ സ്വീകരിക്കപ്പെടുമെന്ന പൂര്‍ണവിശ്വാസത്തോടെയായിരിക്കണം വിശ്വാസി പ്രാര്‍ഥനയെ സമീപിക്കേണ്ടത്. പ്രാര്‍ഥനയുടെ ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിനെ സ്തുതിക്കുകയും മുത്തുനബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും വേണം. ദുആകളില്‍ സത്യവിശ്വാസികളെ ഉള്‍പെടുത്തുകയും വേണം. പ്രാര്‍ഥന ഇഹലോകത്തിനും പരലോകത്തിനും വേണ്ടിയായിരിക്കണം എന്നിവ ദുആയുടെ നിബന്ധനകളില്‍പെട്ടതാണെന്ന് ഉലമാക്കള്‍ വ്യക്തമാക്കുന്നു. ആയിശ(റ) പറയുന്നു ' എല്ലാം ഉള്‍ക്കൊള്ളുന്ന ദുആയായിരുന്നു നബിക്കിഷ്ടം (ബുഖാരി, മുസ്‌ലിം). ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് നല്ലത് നല്‍കേണമേ തമ്പുരാനേ, നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ കാക്കുകയും ചെയ്യേണമേ എന്ന ദുആ നബ(സ) തങ്ങള്‍ ഇത്തരം വേളകളില്‍ അധികരിപ്പിക്കാറുണ്ടായിരുന്നു.
അതുപോലെ ഒരാള്‍ തന്റെ കൂട്ടുകാരന്റെ സാന്നിധ്യത്തില്‍ അവനുവേണ്ടി പ്രാര്‍ഥിച്ചാല്‍ മലക്കുകള്‍ പറയുമത്രെ തുല്യമായത് നിനക്കുമുണ്ടെന്ന്. നമ്മുടെ പ്രാര്‍ഥനകളില്‍ മറ്റുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് സാരം. ഞങ്ങളെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ക്കു നീ കരുണ ചെയ്യേണമേ എന്ന പ്രാര്‍ത്ഥന ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ല.
അതുപോലെ നബി തങ്ങള്‍ ചില പ്രാര്‍ഥനകളെ വിലക്കിയിട്ടുമുണ്ട്. നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങള്‍ക്കെതിരേയും സന്താനങ്ങള്‍ക്കും സമ്പത്തിനുമെതിരേ പ്രാര്‍ഥിക്കരുതെന്നാണ് നബി(സ) വ്യക്തമാക്കിയിട്ടുള്ളത്.
ഈ അനുഗ്രഹീത രാവുകളില്‍ പ്രാര്‍ഥനകൊണ്ട് നാഥനിലേക്ക് അടുക്കാന്‍ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ. (ആമീന്‍)
(മനീഷ ജില്ലാ ചെയര്‍മാനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."