തെന്മലയില്‍ നായാട്ട് വ്യാപകം
ചെമ്മണാമ്പതി: തെന്മലയില്‍ നായാട്ട് വ്യാപകം. ചെമ്മണാംപതി, വെള്ളാരംകടവ്, ചാത്തന്‍പാറ, അടിവാരം, വളവടി എന്നീ പ്രദേശങ്ങളിലാണ് നായാട്ട് സംഘങ്ങള്‍ വ്യാപകമായിട്ടുള്ളത്. വൈദ്യുത ലൈനില്‍നിന്ന് വൈദ്യുതി മോഷ്ടിച്ച് സ്ഥാപിച്ച കെണികളും വനത്തിന് അകത്തുകടന്ന് കെണികള്‍ സ്ഥാപിച്ചും പടക്കംപൊട്ടിച്ചുമാണ് നായാട്ട് സംഘങ്ങള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നത്.
കാട്ടുപന്നി, മാന്‍, മ്ലാവ്, മുയല്‍ എന്നിവയാണ് നിലവില്‍ വ്യാപകമായി വേ ട്ടയാടപ്പെടുന്നത്. ചാലക്കുടി, തൃശ്ശൂര്‍, പെരുമ്പാവൂര്‍ എന്നീ പ്രദേശങ്ങളിലെ നായാട്ടില്‍ പ്രാവീണ്യം നേടിയവരാണ് പ്രാദേശികമായി നായാട്ട് സംഘങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായതോതില്‍ നായാട്ട് നടത്തുന്നത്. കഴിഞ്ഞദിവസം അടിവാരമേഖലയില്‍ കാട്ടുപന്നികളെ നായാട്ടു സംഘങ്ങള്‍ പിടികൂടി വാഹനത്തില്‍ കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയിലുമാണ് നായാട്ടു സംഘങ്ങള്‍ വേട്ടക്കായി വന്യമൃഗങ്ങളെ തേടിയെത്തുന്നത്.
മൃഗങ്ങള്‍ക്ക് പുറമേ ഉടുമ്പ്, പാമ്പ് എന്നിവയേയും സംഘം വേട്ടയാടുന്നുണ്ട്. തമിഴ്‌നാട്ടിലേക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചിയും തോലുംകടത്തിക്കൊണ്ടുപോകുന്നത്. നായാട്ടിനെ തടയുന്നതിനായി വനംവകുപ്പില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും നായാട്ടു സംഘത്തെ പിടികൂടി സഹായകമാകുന്നില്ല.
മുതലമട ഇടുക്കുപാറയിലും കൊല്ലങ്കോട് മാത്തൂരിലും നായാട്ട് സംഘങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും ഉദ്യോഗസ്ഥര്‍ എത്താറില്ല.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രദേശങ്ങളില്‍ നടക്കുന്ന നായാട്ടുകള്‍ക്കെതിരേ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മലയോരമേഖലയില്‍ വന്‍ തോതിലുള്ള വന്യജീവികള്‍ ഇല്ലാതാകുമെന്ന് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചെമ്മണാമ്പതി മുതല്‍ പോത്തുണ്ടി വരെയുള്ള 38 കിലോമീറ്റര്‍ ധൈര്‍ഘ്യമുള്ള മലയോരപ്രദേശത്തെ വനസംരക്ഷണ സമിതികള്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി ജാഗ്രതാ കമ്മിറ്റികള്‍ രൂപീകരിച്ച് നായാട്ടിനെതിരേ ജനകീയ പ്രതിരോധങ്ങള്‍ തീര്‍ക്കുവാന്‍ വനംവകുപ്പ് തയാറാവണമെന്നും പ്രധാന റോഡുകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു കൊല്ലങ്കോട് എന്നിവിടങ്ങളില്‍ വനംവകുപ്പിലെ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."