നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐക്കുവിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നേരത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നാരായണക്കുറുപ്പിനെയാണ് അന്വേഷണ കമ്മിഷനായി ചുമതലയേല്‍പ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്കിയ വിശദീകരണം. ആറ് മാസം കൊണ്ട് ജുഡീഷ്യല്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടത്തണമെന്ന് നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ഇതിനെ രാജ്കുമാറിന്റെ ബന്ധുക്കളും സ്വാഗതം ചെയ്തിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും റീ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ നിര്‍ണായകമായ ഒട്ടേറെ തെളിവുകളാണ് ലഭിച്ചത്. ഒട്ടേറെ പുതിയ പരുക്കുകളും രാജ്കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."