വൈദ്യുതാഘാത ഭീതിയില്‍ നൂറോളം കുടുംബങ്ങള്‍
വിഴിഞ്ഞം മതിപ്പുറം കോളനിയിലെ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നവരാണ് ഭീതിയിലായിരിക്കുന്നത്
വിഴിഞ്ഞം: ഏതു നിമിഷവും വൈദ്യുതാഘാതമേല്‍ക്കുമെന്ന ഭീതിയില്‍ ഉറക്കം വരാതെ കഴിയുകയാണ് വിഴിഞ്ഞം മതിപ്പുറം കോളനിയിലെ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്ന നൂറോളം കുടുംബങ്ങള്‍ . ഇവിടെ വെളിച്ചം പകരാന്‍ സ്ഥാപിച്ച ത്രീ ഫേസ് മീറ്റര്‍ അപകടാവസ്ഥയിലായതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
അളുകള്‍ തിങ്ങിക്കഴിയുന്ന നെടുനീളന്‍ ഷെഡിന്റ ചുവരിലാണ് അപകടമുണ്ടാക്കുന്ന തരത്തില്‍ ത്രീ ഫേസ് മീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലമായതോടെ മീറ്റര്‍ അപകടാവസ്ഥയിലായി. മഴവെളളമിറങ്ങി ഷോര്‍ട്ട് സര്‍ക്യൂട്ടും മീറ്ററിനുളളില്‍ തീപ്പിടിത്തവും പതിവാണ്. മാത്രമല്ല വീടിന്റ ചുവരുകളിലും മറ്റും തൊടുമ്പോള്‍ ഷോക്ക് ഏല്‍ക്കുന്നതായും താമസക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇടിമിന്നലിനെ തുടര്‍ന്നും മീറ്ററില്‍ തീപ്പിടിത്തമുണ്ടായി. കുട്ടികളെയും തൂക്കിയെടുത്ത് മുതിര്‍ന്നവര്‍ പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. ശേഷം മണിക്കൂറുകളോളം മഴ ന നഞ്ഞ് ഇവര്‍ പുറത്ത് നിന്നു.
കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുത കണക്ഷന്‍ പൂര്‍ണമായി വിച്ഛേദിച്ചശേഷമാണ് ഇവര്‍ താമസ സ്ഥലത്തേക്ക് തിരികെ പ്രവേശിച്ചത്.അടുത്ത ദിവസം മീറ്ററില്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂര്‍ണമായി നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. താല്‍കാലിക ഷെഡായതിനാല്‍ തോന്നും പടിയാണ് വയറിങ്ങ് നടത്തിയിരിക്കുന്നത്.
വയറിങ്ങ് നവീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വാദം.ഇതിനായി വകുപ്പ് തല അനുമതിയും ഫണ്ടും ലഭ്യമാകുമ്പോഴേക്കും ചേരി നിര്‍മാര്‍ജനത്തിന്റ ഭാഗമായുളള ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ഇവര്‍ പറയുന്നത്.
ചേരി നിര്‍മാര്‍ജനത്തിന്റ ഭാമായി കടപ്പുറം ഭാഗത്തുനിന്ന് ഒഴിപ്പിച്ചവരെയാണ് താല്‍കാലിക ഷെഡില്‍ പാര്‍പ്പിച്ചിരിക്കുന്നത്.2015 ല്‍ ഇവരെ കുടി ഒഴിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുളളില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വാക്ക് നല്‍കിയിരുന്നത്.എന്നാല്‍ ഇതു വരെ ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."